X

തലശേരി കലാപം: പെരും നുണയുടെ അമ്പത് വര്‍ഷം

അഡ്വ. കെ.എ ലത്തീഫ്

തലശേരിയില്‍ കലാപം ആരംഭിച്ചത് 1971 ഡിസംബര്‍ 28ന് അര്‍ധരാത്രിയാണ്. കൂത്തുപറമ്പ് പൊലീസ്‌സ്റ്റേഷന്‍ പരിധിയിലെ അളകാപുരി കള്ള്ഷാപ്പിന്റെ സമീപത്ത് വെച്ച് യു.കെ കുഞ്ഞിരാമന്‍ കൊല്ലപ്പെടുന്നത് 1972 ജനുവരി 3 ന് രാത്രിയാണ്. തലശേരി കലാപകാലത്ത് കൂത്തുപറമ്പിനടുത്ത മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്നതിനാണ് കുഞ്ഞിരാമനെ കൊലപ്പെടുത്തിയത് എന്നാണ് സി.പി.എം പാര്‍ട്ടി കഴിഞ്ഞ 50 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അവര്‍ പറഞ്ഞുകൊണ്ടെയിരിക്കുന്നതും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നതും തലശേരി കലാപവും യു.കെ കുഞ്ഞിരാമന്റെ മരണവുമാണ്. യഥാര്‍ഥത്തില്‍ കലാപം സി.പി.എം ഊതിക്കാച്ചിയ മുസ്‌ലിംലീഗ് വിരുദ്ധതയുടെയും അതുവഴി രൂപപ്പെടുത്തിയ മുസ്‌ലിം വിരുദ്ധതയുടെയും ബഹിര്‍സ്പുരണമായിരുന്നു എന്ന് തലശേരി കലാപത്തിന്റെ ചരിത്രവസ്തുതകള്‍ അന്വേഷിക്കുന്ന ആര്‍ക്കും ബോധ്യമാവും. മുസ്‌ലിംലീഗിന്കൂടി അധികാര പങ്കാളിത്തമുള്ള ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടത്തിനുശേഷം രൂപംകൊണ്ട സി. അച്യുതമോനേന്‍ സര്‍ക്കാരില്‍ മുസ്‌ലിം ലീഗ് ചേര്‍ന്നത് സി.പി.എമ്മിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ആ സമയത്തെ സി.പി.എം നേതാക്കളുടെ പ്രസംഗങ്ങളും പ്രസ്താവനകളും പാര്‍ട്ടി അണികളില്‍ വല്ലാതെ മുസ്‌ലിം വിരുദ്ധതയുടെ മനസ്സ് ഉണ്ടാക്കിയെന്ന് പറഞ്ഞത് മറ്റാരുമല്ല, ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐയുടെ കണ്ണൂര്‍ ജില്ലാ കൗണ്‍സിലാണ്. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കേരള സര്‍ക്കാറിന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ കണ്ണോടിച്ചാല്‍ അന്ന് സി.പി.ഐ എടുത്ത നിലപാട് ബോധ്യമാവും.

ജ. ജോസഫ് വിതയത്തില്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായ ആകെ 70 കക്ഷികളില്‍ നാലാമത്തെ കക്ഷിയാണ് സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി. അന്ന് സി.പി.ഐ വളരെ വ്യക്തമായി പറഞ്ഞത് സി.പി.എം പാര്‍ട്ടി നടത്തിയ മുസ്‌ലിംലീഗ് വിരുദ്ധ നിലപാട് മുസ്‌ലിം വിരുദ്ധ നിലപാടായി മാറുകയും അത് നേരത്തെതന്നെ മുസ്‌ലിം ലീഗിന്റെ ഇ.എം.എസ് മന്ത്രിസഭയിലെ പങ്കാളിത്തത്തിനെതിരെയും പിന്നീട് അച്യുതമേനോന്‍ സര്‍ക്കാരില്‍ സി.എച്ച് മുഹമ്മദ് കോയക്ക് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കിയതിനെതിരെയും അന്നത്തെ ജനസംഘം നടത്തിക്കൊണ്ടിരുന്ന വര്‍ഗീയ കാമ്പയിന് ആക്കംകൂട്ടി എന്നാണ്. അച്യുതമേനോന്‍ മന്ത്രിസഭയില്‍ മുസ്‌ലിംലീഗ് അധികാര പങ്കാളിയായപ്പോള്‍ സി.പി.എമ്മും ജനസംഘവും സംസാരിച്ചുകൊണ്ടിരുന്നത് ഒരേ ഭാഷയിലായിരുന്നു. അതുകൊണ്ട് തന്നെ തലശേരി കലാപനാളുകളില്‍ ഓരോ സി.പി.എം പ്രവര്‍ത്തകനും ജനസംഘക്കാരനായി മാനസാന്തരപ്പെടാന്‍ എളുപ്പം സാധിച്ചു എന്നതാണ്. ഈ ആരോപണങ്ങള്‍ സി.പി.ഐ മാത്രമല്ല അവരുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും ജ. ജോസഫ് വിതയത്തില്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. എന്‍. സി മമ്മൂട്ടിയും അര്‍ത്ഥശങ്കക്കിടമില്ലാതെ പറഞ്ഞത് തലശേരിയിലെയും പരിസരപ്രദേശത്തെയും സി.പി.എം ശക്തികേന്ദ്രങ്ങളിലെ അണികളും പ്രവര്‍ത്തകരും അന്ന് മൊത്തത്തില്‍ മുസ്‌ലിം വിരുദ്ധ നിലപാട് ഉള്ളവരായിരുന്നു എന്നാണ്. കോടിയേരിക്കാരന്‍ തന്നെയായ 69-ാമത്തെ കക്ഷി മൊയ്തു മുഹമ്മദ്, എന്‍.സി മമ്മൂട്ടി മാസ്റ്ററുടെ പരാമര്‍ശം ശരിവെക്കുന്നതായി കാണാം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ശക്തിയുള്ള പ്രദേശങ്ങളിലാണ് മുസ്‌ലിംകള്‍ക്ക് ഏറെ ദുരിതം പേറേണ്ടിവന്നത് എന്നാണ് മൊയ്തു മുഹമ്മദ് നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇന്നും സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന നുണകളെ പൊളിച്ചടുക്കുന്നതാണ് കലാപത്തിനു കാരണമായ കലശ ഘോഷയാത്ര പുറപ്പെടുമ്പോള്‍ ദൃക്‌സാക്ഷിയായിരുന്ന കെ.പി ശ്രീധരന്റെ മൊഴി. തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് തലശേരി നഗരസഭ അംഗവും പിന്നീട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന കെ.പി ശ്രീധരന്‍ അന്ന് സി.പി.ഐയുടെ തലശ്ശേരി ടൗണ്‍ സെക്രട്ടറി ആയിരുന്നു. അേദ്ദഹമാണ് സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ടാം സാക്ഷിയായി കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. തലശേരി നാരങ്ങാപുറത്തെ മേലൂട്ട് മുത്തപ്പന്‍ മഠപ്പുരയിലേക്കുള്ള കലശ ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കെ.പി ശ്രീധരന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരം മാത്രമുള്ള എരഞ്ഞോളി പാലത്തിന് സമീപത്ത് നിന്നാണ് 1971 ഡിസംബര്‍ 28 ന് രാത്രി ഘോഷയാത്ര ആരംഭിക്കുന്നത്. ഘോഷയാത്ര ആരംഭിക്കുന്നതിന്മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട് എന്ന വിവരം കെ.പി ശ്രീധരന്‍ പൊലീസിനെ അറിയിച്ചിരുന്നു. അദ്ദേഹം കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴി റിപ്പോര്‍ട്ടിന്റെ 44, 45 പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്. ‘ഘോഷയാത്ര സംഘടിപ്പിച്ചവര്‍ക്ക് ഘോഷയാത്ര കാവിലേക്ക് പോകുമ്പോള്‍ മുസ്‌ലിംകളുമായി ഏറ്റുമുട്ടണം എന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നു. കഴിഞ്ഞ കലശങ്ങളില്‍ പതിവായി കലശം സംഘടിപ്പിച്ചവര്‍ ആരും ഈ വര്‍ഷം പങ്കെടുത്തില്ല. ഇപ്രാവശ്യം ഇത് സംഘടിപ്പിച്ചത് ജനസംഘക്കാരായി അറിയപ്പെടുന്ന വ്യക്തികളും മാര്‍ക്‌സിസ്റ്റ് അനുഭാവികളുമാണ്. ഘോഷയാത്ര ആരംഭിക്കുന്നത് ഇവര്‍ മന:പൂര്‍വം വൈകിപ്പിച്ചു. ഘോഷയാത്ര ആരംഭിക്കുന്നതിനുമുമ്പ് മാട്ടാങ്കോട്ട് രഘു എന്നയാള്‍ ഒരു ലഘു പ്രസംഗം നടത്തി. അതിന് മുമ്പ് തലശേരി ടൗണില്‍ നടന്ന ചില നിസാര സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആ പ്രസംഗം. അത് ഇങ്ങനെ ‘കലശം ഘോഷയാത്രയെ തടയാന്‍ ആര് മുന്നോട്ട് വന്നാലും അവരെ പ്രതിരോധിക്കും അത്തരം ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാര്‍ ഉള്ളവര്‍ മാത്രം ഘോഷയാത്രയില്‍ പങ്കെടുത്താല്‍ മതി’. സംഘര്‍ഷ സാധ്യത 28ന് രാത്രി 7 മണിക്ക് തന്നെ കെ.പി ശ്രീധരന്‍ ഫോണ്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നു. മാട്ടാങ്കോട്ട് രഘു കൂടാതെ ഘോഷയാത്രയില്‍ പങ്കെടുത്ത ഏകദേശം 150 പേരില്‍ ഭൂരിഭാഗം പേരും മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. രഘുവിനെ കമ്മീഷന്‍ 8ാം സാക്ഷിയായി വിസ്തരിച്ചിരുന്നു. രഘു തന്നെ കമ്മീഷന്‍ മുമ്പാകെ താനൊരു മാര്‍ക്‌സിസ്റ്റുകാരനാണെന്നും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണെന്നും മൊഴികൊടുത്തിട്ടുണ്ട്.
വസ്തുത ഇതായിരിക്കെയാണ് കലാപം കഴിഞ്ഞ് 50 വര്‍ഷം പിന്നിടുമ്പോഴും സി.പി.എം ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തുന്നത്. കലാപത്തിന്റെ മുന്നൊരുക്കവും ആസൂത്രണങ്ങളും ഗൂഢാലോചനയും മാട്ടാങ്കോട്ട് രഘു എന്ന മാര്‍ക്‌സിസ്റ്റുകാരന്റെ നേതൃത്വത്തിലായിരുന്നു നടന്നത് എന്ന് വലതു കമ്യൂണിസ്റ്റ് ആയിരുന്ന കെ.പി ശ്രീധരന്റെ ആരോപണത്തെ ഇതുവരെ നിഷേധിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. കലാപത്തെതുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത 569 എഫ്.ഐ.ആറുകള്‍ പരിശോധിച്ചാല്‍ ബഹുഭൂരിഭാഗവും മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ് പ്രതികളെന്നു കാണാം.

യു.കെ കുഞ്ഞിരാമന്റെ മരണവും തലശേരി കലാപവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് തലശേരിയിലും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും അറിയാം. കൊള്ളയും കൊള്ളിവയ്പും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളല്ലാതെ ഒരു മരണം പോലും തലശേരി കലാപത്തിന്റെ ഭാഗമായി ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അത് ജ. ജോസഫ് വിതയത്തിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍തന്നെ വ്യക്തമായി എടുത്തുപറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്. ‘Anoth-er feature of the disturbances is that there was not even a single incident of Molestation of women or Murder’. (ജ. ജോസഫ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പേജ് 93, ഖണ്ഡിക 223) സ്ത്രീകളെ മാനഭംഗപ്പെടുത്തിയതോ കൊലപാതകമോ ആയ ഒരൊറ്റ സംഭവം പോലും ഉണ്ടായിട്ടില്ലെന്നാണ് ഈ കലാപത്തിലെ മറ്റൊരു പ്രത്യേകത എന്നാണ് ജ. ജോസഫ് വിതയത്തില്‍ കമ്മീഷന്‍ പറഞ്ഞത്.

30ന് രാത്രിയോടെ ഏറെക്കുറെ തലശേരി ശാന്തതയിലേക്ക് തിരിച്ചുവന്നിരുന്നു. ഡിസംബര്‍ 31ന് നാമമാത്രമായ അക്രമസംഭവങ്ങള്‍ മാത്രമാണുണ്ടായത്. യു.കെ കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. അതായത് കലാപം അവസാനിച്ച് രണ്ട് നാള്‍ കഴിഞ്ഞ്. കൂത്തുപറമ്പ് പൊലീസ്‌സ്റ്റേഷന്‍ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയില്‍ റോഡില്‍ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമന്‍ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്. എന്നാല്‍ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത 51 കേസുകളില്‍ യു.കെ കുഞ്ഞിരാമന്റെ മരണം തലശേരി കലാപത്തിന്റെ ഭാഗമായുള്ള അക്രമത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരായ കക്ഷികള്‍ ആകെ 41 സ്റ്റേറ്റ്‌മെന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു. ഒന്നില്‍ പോലും യു.കെ കുഞ്ഞിരാമന്റെ കൊലപാതകം പരാമര്‍ശിച്ചിട്ടില്ല. 110 പൊതുസാക്ഷികളും 28 കമ്മീഷന്‍ വരുത്തിയ സാക്ഷികളും ഉള്‍പ്പെടെ 138 സാക്ഷികളെ കമ്മീഷന്‍ വിസ്തരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍പോലും യു.കെ കുഞ്ഞിരാമന്റെ കൊലപാതകം കമ്മീഷന്‍ മുമ്പാകെ കൊണ്ടുവന്നിട്ടില്ല. കമ്മീഷന്‍ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ ഭാഗമായി സ്വീകരിച്ച 288 രേഖകളില്‍ ഒന്ന് പോലും കുഞ്ഞിരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.

 

 

 

 

Test User: