X
    Categories: indiaNews

താക്കൂര്‍ എന്ന പേരിലുള്ള കമ്പനിയുടെ ഷൂ വിറ്റു; മതവികാരം വ്രണപ്പെടുത്തിയതിന് മുസ്‌ലിം കച്ചവടക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: താക്കൂര്‍ എന്ന ബ്രാന്‍ഡിലുള്ള ഷൂസ് വിറ്റതിന് മുസ്‌ലിം കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് വിചിത്രമായ സംഭവം. നാസിര്‍ എന്ന ചെരുപ്പ് കച്ചവടക്കാരനാണ് അറസ്റ്റിലായത്. ബജറംഗദളിന്റെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐപിസി സെക്ഷന്‍ 153എ (വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കല്‍), 323 (മനപ്പൂര്‍വ്വം വികാരം വ്രണപ്പെടുത്തല്‍), 504 (മനപ്പൂര്‍വ്വം സമാധാനം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെ മറ്റൊരു വിഭാഗത്തെ അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ ഷൂസില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കമ്പനിയുടെ പേരാണ് താക്കൂര്‍ എന്നതും ഇയാള്‍ പൊലീസിനെ അറിയിച്ചു. ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം തെളിവൊന്നും ലഭിക്കാത്തതിനാല്‍ പിന്നീട് ഇയാളെ വിട്ടയച്ചു.

സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് താക്കൂര്‍ ഷൂ കമ്പനി ഉടമ നരേന്ദ്ര ത്രിലോകാനി പറഞ്ഞു. തന്റെ മുത്തച്ഛനായ താക്കൂര്‍ ദാസ് ത്രിലോകാനിയാണ് കമ്പനി തുടങ്ങിയതെന്നും അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് താക്കൂര്‍ എന്ന് കമ്പനിക്ക് പേര് നല്‍കിയതെന്നും നരേന്ദ്ര തിലോകാനി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: