X

താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടു യുവാക്കള്‍ ശിവനെ പൂജിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളെത്തുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി താജ്മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ രംഗത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

താജ്മഹലിനു സമീപത്തുനിന്ന് പൂജാസാമഗ്രികള്‍ കണ്ടതായി നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരും താജ്മഹലിനുള്ളില്‍ വിന്യസിച്ചിട്ടുളള സി.ഐ.എസ്.എഫും വിഷയത്തില്‍ ഇടപെട്ടിരുന്നു. രണ്ട് യുവാക്കള്‍ പൂജ നടത്തുന്നത് മറ്റൊരു യുവാവ് പകര്‍ത്തുന്നതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങളില്‍ യുവാക്കള്‍ ശിവനെ പൂജിക്കുന്നതാണുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരിക്കും വീഡിയോ എടുത്തതെന്നാണ് കരുതുന്നത്.

താജ്മഹല്‍ ശിവക്ഷേത്രമായ തേജോമഹാലയ ആണെന്ന് പ്രചാരണം നടന്നിരുന്നു. താജ്മഹലിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്ക് കൊഴുപ്പുകൂടി. ഉത്തര്‍പ്രദേശ് ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതും വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു.

chandrika: