ലഖ്‌നൗ: ലോക പൈതൃകങ്ങളില്‍ ഒന്നായി യുനെസ്‌കോ അംഗീകരിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഗള്‍ ഭരണകാലത്ത് ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹല്‍ ഇന്ത്യന്‍ പൗരാണിക സംസ്‌കാരത്തെ പ്രതിനിധീകരിക്കിന്നില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ സംരക്ഷണത്തിന് പ്രത്യേക തുക അനുവദിക്കാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടന്നത്.
സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നിരവധി ഫണ്ടുകള്‍ അനുവദിച്ചപ്പോള്‍ അവയിലൊരിടത്തും താജ്മഹലിന്റെ പേര് പരാമര്‍ശിക്കാതിരുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. അതേസമയം ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ അയോധ്യ, വാരാണസി, മധുര, ചിത്രകൂട് തുടങ്ങിയവയുടെ വികസനത്തിന് ഫണ്ടുകള്‍ ബജറ്റില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല രാമായണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട്, തുടങ്ങിയവയ്ക്കായി സ്വദേശ് ദര്‍സന്‍ യോജന എന്ന പദ്ധതിയില്‍പെടുത്തി 1240 കോടിയാണ് അനുവദിച്ചത്.
ഇതിനും പുറമെ പ്രസാദ യോജന എന്ന പേരില്‍ ഈ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 800 കോടിയും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വര്‍ഗീയമായി ബജറ്റ് തയ്യാറാക്കിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഉത്തര്‍പ്രദേശിന് ടൂറിസത്തിലൂടെ വലിയ വരുമാനം നേടിക്കൊടുക്കുന്ന താജ്മഹലിനെ അവഗണിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റ് ചൊവ്വാഴ്ചയാണ് അവതരിപ്പിത്.