ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും നാലുദിവസത്തിനകം പുറത്തെത്തിക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിന്റെ തലവന്‍ നാരോങ്‌സാക് ഒസാട്ടനാകോണിനെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
വരുംദിവസങ്ങളില്‍ വീണ്ടും മഴയുണ്ടാകുമെന്നും ഗുഹയിലെ വഴികള്‍ വീണ്ടും ചെറുതാകാന്‍ ഇത് ഇടയാക്കുമെന്നുമുള്ള ആശങ്ക നിലവിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യമില്ലാത്തവരെയും മാധ്യമങ്ങളെയും ഗുഹാമുഖത്തുനിന്ന് മാറ്റിയിട്ടുണ്ട്.ജൂണ്‍ 23ന് കനത്ത മഴയെത്തുടര്‍ന്ന് ഗുഹാമുഖം അടഞ്ഞതോടെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പത്ത് ദിവസങ്ങള്‍ക്കു ശേഷമാണ് കണ്ടെത്താനായത്.
ഗുഹയ്ക്കുള്ളിലേയ്ക്ക് ആവശ്യമായ ഭക്ഷണവും ഓക്‌സിജനും ചികിത്സാസൗകര്യങ്ങളും എത്തിക്കുന്നതോടൊപ്പം ഗുഹയില്‍ നിന്ന് ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുമായി വലിയൊരു സംഘം രക്ഷാപ്രവര്‍ത്തകരാണ് നിലവില്‍ പ്രയത്‌നിക്കുന്നത്.
ഗുഹയിലെ ജലനിരപ്പും കാലാവസ്ഥയും കുട്ടികളുടെ ആരോഗ്യവാസ്ഥയും പരിഗണിക്കുമ്പോള്‍ അടുത്ത മൂന്നോ നാലോ ദിവസത്തിനകം ഇവരെ പുറത്തെത്തിക്കാനാകുമെന്ന് ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക് പറഞ്ഞു.
ഗുഹയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തുരങ്കങ്ങള്‍ നിര്‍മിച്ച് ഒഴുക്കിക്കളയാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഗുഹയില്‍ നാലിടങ്ങളിലെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഗുഹയിലെ ചില പ്രദേശങ്ങളാകട്ടെ പുറത്ത് ഒരു ഓക്‌സിജന്‍ ടാങ്ക് ഉള്‍പ്പെടെ വഹിച്ചുകൊണ്ട് കടന്നുവരാന്‍ തക്ക വലുപ്പമുള്ളതല്ല താനും. അതിനാല്‍ കുട്ടികളെ പുറത്തിറക്കാന്‍ എന്തു പദ്ധതിയായിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമല്ല.