X

ഗുഹയില്‍നിന്ന് രക്ഷപ്പെടുത്തിയ കുട്ടി ബ്രിട്ടീഷ് ആശുപത്രിയില്‍ മരണപ്പെട്ടു

ലണ്ടന്‍: 2018ല്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് അന്താരാഷ്ട്രസംഘം സാഹസികമായി രക്ഷപ്പെടുത്തിയ 12 കുട്ടികളില്‍ ഒരാളായ ഡുവാങ്‌പെഷ് പ്രോംതേപ് ബ്രിട്ടീഷ് ആശുപത്രിയില്‍ മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഫുട്‌ബോള്‍ അക്കാദമിയില്‍ പ്രവേശനം നേടിയ പ്രോംതേപിനെ ലെയ്‌സെസ്റ്റര്‍ഷെയറിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. തായ്‌ലന്‍ഡില്‍ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയ പ്രോംതേപ് ഉള്‍പ്പെടെയുള്ള കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ പരിശീലകനും അന്താരാഷ്ട്ര ശ്രദ്ധ നേടിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് രക്ഷപ്പെട്ടത്. അന്ന് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പ്രോംതേപായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഗുഹയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കുട്ടികള്‍ പുറത്തു കടക്കാന്‍ സാധിക്കാതെ കുടുങ്ങിയത്.
രണ്ടാഴ്ചക്കുശേഷം വിദേശ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന നൂറോളം രക്ഷാപ്രവര്‍ത്തകര്‍ അതിസാഹസികമായി സംഘത്തെ പുറത്തെത്തിക്കുകയായിരുന്നു. അന്ന് 13 വയസുണ്ടായിരുന്ന പ്രോംതേപിന് ബ്രിട്ടീഷ് ഫുട്‌ബോള്‍ അക്കാദമിയില്‍ പ്രവേശനം നേടുമ്പോള്‍ പതിനേഴ് വയസായിരുന്നു. തായ്‌ലന്‍ഡിലെ ബ്രിട്ടീഷ് അംബാസഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിയോഗത്തില്‍ അനുശോചിച്ചു. കഴിഞ്ഞ വര്‍ഷം ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളും രക്ഷിതാക്കളും ഒത്തുചേരല്‍ നടത്തിയിരുന്നു.

 

Chandrika Web: