ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. അസാധ്യമെന്നു കരുതിയ ദൗത്യം 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും സാധ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകം.
12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധയുള്ളതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി കണ്ടെത്തിയത്. ചിയാങ്റായി ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് ഇത് സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് പനി പിടിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രക്ഷപ്പെട്ട ഒരു കുട്ടിയുടെ കണങ്കാലിന് പരിക്കുണ്ട്. ഇവരില്‍ ചിലര്‍ക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, മറ്റ് രോഗ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളെ രക്തം, ശ്വാസകോശത്തിന്റെ എക്സ് റേ, കണ്ണുകള്‍, മാനസികനില എന്നീ പരിശോധനകള്‍ക്ക് വിധേയമാക്കി.
കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണം കൂടാതെ കുട്ടികള്‍ ആവശ്യപ്പെട്ട ബ്രെഡും ചോക്ലറ്റും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ഗ്ലാസ് വാതിലിന് പുറത്ത് നിന്ന് കാണാനും ഫോണില്‍ സംസാരിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയില്‍ കുടുങ്ങിയ കുട്ടികളും ഫുട്ബാള്‍ കോച്ചും അടക്കം 13 അംഗ സംഘത്തില്‍ നാലു കുട്ടികളെ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇന്നലെ താല്‍കാലികമായി നിര്‍ത്തിവെച്ച രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ പ്രാദേശിക സമയം 10.30 ഓടെയാണ് മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്.
ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ പരിശീലനത്തിന് ശേഷം തായ്‌ലാന്റിലെ പാട്യാല ബീച്ചിന് സമീപത്തുള്ള ഗുഹ കാണാന്‍ പോയത്. കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങുകയായിരുന്നു.