X

ത്വാഹയും അലനും നിരപരാധികളെന്ന് ജയിലില്‍ സന്ദര്‍ശിച്ച അഭിഭാഷകന്‍

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത സിപിഎം അംഗങ്ങളായ അലന്‍ ഷുഹൈബും ത്വാഹ ഫസലും നിരപരാധികളാണെന്ന് അഭിഭാഷകര്‍. ജയിലില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പൊലിസ് ആരോപിക്കുന്ന കുറ്റം ചെയ്തിട്ടില്ലെന്നാണ് അലനും ത്വാഹയും പറഞ്ഞതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോവാദി ബന്ധം തെളിയിക്കാനാവശ്യമായ യാതൊന്നും പോലിസിന് കിട്ടിയിട്ടില്ല. ത്വാഹ മുദ്രാവാക്യം വിളിച്ചുവെന്ന പോലിസ് ഭാഷ്യം തെറ്റാണെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരേ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ തന്നെ നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് ഹൈകോടതിയില്‍ സമര്‍പ്പിക്കുക.

പെരുമണ്ണ പാറമ്മല്‍ അങ്ങാടിയില്‍ മൂന്നു പേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പോലിസ് റിപോര്‍ട്ടിലുള്ളത്. ഇവരുടെ കൈയില്‍ നിന്ന് മാവോവാദി അനുകൂല നോട്ടിസ് പിടിച്ചെടുത്തു വെന്നും, ‘മാവോവാദി വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടില്‍ സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടിസാണ് ‘പിടികൂടിയതെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

web desk 1: