ബീജിങ്: വെറ്ററന്‍ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ബാല്യകാല ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സില്‍. ചൈനീസ് സൂപ്പര്‍ ലീഗിലെ ഷാങ്ഹായ് ഷെന്‍ഹുവ കരാര്‍ റദ്ദാക്കിയതോടെയാണ് 33-കാരന്‍ നാട്ടിലേക്കു മടങ്ങിയത്. നിലവിലെ കരാറില്‍ ഒരു വര്‍ഷം കൂടി ശേഷിക്കുന്നുണ്ടെങ്കിലും, പരിക്കും ഫോമില്ലായ്മയും കാരണം വിഷമിക്കുന്ന ടെവസിനെ ക്ലബ്ബ് വിടാന്‍ ഷിന്‍ഹുവ അനുവദിക്കുകയായിരുന്നു.
മോശം ഫോമും പരിക്കും താല്‍പര്യമില്ലാത്തതു പോലുള്ള പെരുമാറ്റവുമാണ് ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്‌ബോളര്‍മാരിലൊരാളായ ടെവസിന് തിരിച്ചടിയായത്. ബൊക്ക ജൂനിയേഴ്‌സില്‍ നിന്ന് 2016-ല്‍ ചൈനയിലെത്തിയ താരത്തിന് 16 സി.എസ്.എല്‍ മത്സരങ്ങളില്‍ നിന്ന് വെറും നാല് ഗോളേ നേടാന്‍ കഴിഞ്ഞുള്ളൂ.
ചൈനീസ് എഫ്.എ കപ്പ് ഫൈനലിനുള്ള ഷാങ്ഹായ് ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്നതോടെ ടെവസ് അര്‍ജന്റീനയിലേക്കു മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കരാര്‍ റദ്ദാക്കിയ വാര്‍ത്ത പുറത്തറിഞ്ഞത്. ബൊക്കയുടെ ജിമ്മില്‍ പരിശീലനം നടത്തുന്ന ടെവസിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ട അര്‍ജന്റീനാ ക്ലബ്ബ്, താരം തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി വ്യക്തമാക്കുകയായിരുന്നു.