X

അര്‍ജന്റീന ലോകകപ്പ് ടീമില്‍ ടെവസിന് സാധ്യത

ബ്രൂണസ് ഐറിസ് : അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് ടീമില്‍ വെറ്റര്‍ന്‍താരം കാര്‍ലോസ് ടെവസിന് ഇടം ലഭിച്ചേക്കും. ഇതു സംബന്ധിച്ച് വാര്‍ത്ത അര്‍ജന്റീനയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടു ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം സെര്‍ജിയോ അഗ്വൂറോയുടെ പരിക്കാണ് ടെവസിന് ഇപ്പോള്‍ അനുഗ്രഹമായത്.

പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ റഷ്യന്‍ സംഘത്തിലെ മുഖ്യ സ്‌ട്രൈക്കറായിരുന്നു അഗ്വൂറോ, എന്നാല്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ അഗ്വൂറോ ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം സംശത്തിലായി. തുടര്‍ന്ന് ടീമിലേക്ക് മറ്റൊരു സ്‌ട്രൈക്കറെ പരിഗണിക്കേണ്ട നിര്‍ബന്ധിത സാഹചര്യത്തിലായി പരിശീലകന്‍ സാംപോളി. ഈ അന്വേഷണമാണ് ഒടുവില്‍ ടെവസില്‍ അവസാനിച്ചിരിക്കുന്നത്. ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിനായുള്ള 35 അംഗ ടീമില്‍ ടെവസിനെ സാംപോളി ഉള്‍പ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ സ്വര്‍ണകപ്പ് ഇത്തവണ എന്തു വിലക്കൊടുത്തും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നായകന്‍ ലയണല്‍ മെസ്സിക്കു കീഴില്‍ അണിനിരക്കുന്ന അര്‍ജന്റീന. മെസ്സിയുമായി ദീര്‍ഘകാലം ഒന്നിച്ചു കളിച്ചതും ടെവസിനെ ടീമിലേക്ക് മടക്കി വിളിക്കാന്‍ കാരണങ്ങളില്‍ ഒന്നായി. നിലവില്‍ ബൊക്ക ജൂനിയേഴ്‌സില്‍ കളിക്കുന്ന ടെവസ് മുന്നേറ്റ നിരയില്‍ മെസിക്കു മികച്ച പിന്തുണയാകുമെന്നാണ് കരുതുന്നത്.

2015 കോപ്പ അമേരിക്ക ഫൈനലിലാണ് അവസാനമായി ദേശീയ കുപ്പായത്തില്‍ ടെവസ് കളിച്ചത്. അന്ന് ഷൂട്ടൗട്ടില്‍ ചിലിയോട് അര്‍ജന്റീന തോല്‍ക്കുകയായിരുന്നു. അര്‍ജന്റീന സീനിയര്‍ ടീമിനായി 76 കളികളില്‍ നിന്നായി 13 ഗോളുകളാണ് മുപ്പതിനാലുകാരന്റെ സമ്പാദ്യം. യൂറോപ്പിലെ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് എന്നീ ടീമുകള്‍ക്കായി വലിയ മത്സരങ്ങളില്‍ കളിച്ച ടെവസിന്റെ പരിചയം ലോകകപ്പില്‍ ടീമിന് ഗുണകരമാവുമെന്നാണ് പരിശീലകന്റെ കണക്കുക്കൂട്ടല്‍.

chandrika: