ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സമ്പൂര്‍ണമായി വരുതിയിലാക്കി ടീം ഇന്ത്യ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 399 എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാനും (190) മനോഹരമായ ടെസ്റ്റ് ഇന്നിങ്‌സുമായി സെഞ്ചുറി കുറിച്ച് ചേതേശ്വര്‍ പൂജാരയും (144*) തകര്‍ത്തടിച്ചപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ മറുപടിയുണ്ടായിരുന്നില്ല. ധവാനും പൂജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (253). നാലാം വിക്കറ്റില്‍ രഹാനെയും പൂജാരയും ചേര്‍ന്നെടുത്ത അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 110 പന്തില്‍ 16 ഫോര്‍ സഹിതമാണ് ധവാന്റെ 100 തികച്ചത്. 62 പന്തിലാണ് ധവാന്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഏറെ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ധവാന് മത്സരം ‘മധുരപ്രതികാരം’ കൂടിയായി. പരിക്കേറ്റ മുരളി വിജയ് പകരമാണ് ധവാന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാന്‍, ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സകലെ പുറത്തായപ്പോള്‍, 12ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ പൂജാര ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തി ക്രീസില്‍ തുടരുകയാണ്. 144 റണ്‍സെടുത്ത പൂജാരക്കൊപ്പം 39 റണ്‍സുമായി രഹാനെയാണ് സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍. ഒരു ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടോട്ടലാണ് ഇന്നലെ ലങ്കക്കെതിരെ പിറന്നത്. സ്‌കോര്‍ 27ല്‍ നില്‍ക്കെ 26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ പിന്നീട് ധവാനും പൂജാരയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ 280 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ പുറത്തായതിനു തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും (03) മടങ്ങിയെങ്കിലും പൂജാര-രഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റ് സ്വന്തം പേരിലാക്കിയ നുവാന്‍ പ്രദീപാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാന്‍, 168 പന്തില്‍ 190 റണ്‍സെടുത്താണ് മടങ്ങിയത്. 31 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. ചേതേശ്വര്‍ പൂജാര 247 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 144 റണ്‍സെടുത്തത്. 94 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെയാണ് രഹാനെ 39 റണ്‍സെടുത്തത്. നിരവധി മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. ശിഖര്‍ ധവാനും അഭിനവ് മുകുന്ദുമാണ് ഓപ്പണര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ ഇടം പിടിച്ചപ്പോള്‍ രോഹിത് പുറത്തായി. പേസ് ബൗളര്‍മാരില്‍ ഉമേശ് യാദവും മുഹമ്മഗ് ഷമ്മിയും ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്തായി.
- 7 years ago
chandrika
Categories:
Video Stories
ഇന്ത്യന്‍ റണ്‍മഴ
Tags: sportstest cricket