X

ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‌ലിക്കും ജദേജക്കും വന്‍ നേട്ടം

ദുബൈ: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കും മുന്നേറ്റം. ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് കോഹ്‌ലി. കരിയറിലെ കോഹ്‌ലിയുടെ ഏറ്റവും മികച്ച റാങ്കാണിത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യന്‍ നായകന്‍ ഇതുവരെ 405 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

അവസാന ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ താരത്തിന് റാങ്കിങില്‍ 833 പോയിന്റ് ആണുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിട്ടു നില്‍ക്കുകയാണ്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ടുമാണ് കോഹ്‌ലിക്ക് മുമ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. രണ്ടാം സ്ഥാനത്തുള്ള റൂട്ട് കോഹ്‌ലിയേക്കാള്‍ 14 പോയിന്റ് മുന്നിലാണ്. ട്വന്റി 20യില്‍ ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തുമുള്ള കോഹ്‌ലിക്ക് വരാനിരിക്കുന്ന ടെസ്റ്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ റാങ്കിങ്ങില്‍ ഇനിയും മുന്നേറാന്‍ കഴിയും.

എട്ടാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓള്‍ റൗണ്ടര്‍മാരിലും ബൗളര്‍മാരിലും ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഓള്‍ റൗണ്ടര്‍മാരില്‍ നാലാം റാങ്കിലേക്കു കുതിച്ചു. ബൗളര്‍മാരില്‍ ജഡേജ ഏഴാം സ്ഥാനത്താണ്. ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിനോട് 2-0ന് തോറ്റ പാകിസ്താന്‍ രണ്ടാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്കു വീണു. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.

chandrika: