X

ടെസ്റ്റ് ലോകകപ്പിന് ആഷസ് പരമ്പരയോടെ തുടക്കം ; രണ്ട് വര്‍ഷങ്ങളിലായി 72 മത്സരങ്ങള്‍ നടക്കും

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ഐ.സി.സി. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമാവും. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം 2021ല്‍ ലോര്‍ഡ്‌സില്‍ നടക്കും.

ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയും എവേ പരമ്പരയുമുണ്ടാകും. ഇങ്ങനെ ആറു പരമ്പരയാണ് ഒരു ടീം ആകെ കളിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഒരു ടീം ശേഷിക്കുന്ന എട്ടു ടീമുകള്‍ക്കെതിരേ കളിക്കേണ്ടതില്ല. ആറു ടീമുകള്‍ക്കെതിരേ കളിച്ചാല്‍ മതി.
ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക ടീമുകളാണ് ആദ്യ ഒമ്പത് റാങ്കിലുള്ളത്. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ നടക്കുക. ഇതില്‍ ആദ്യ പരമ്പര ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്.

ഓരോ പരമ്പരയിലും രണ്ടു മുതല്‍ അഞ്ചു വരെ മത്സരങ്ങളുണ്ടാകും. മത്സരങ്ങളുടെ എണ്ണം ഓരോ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും തീരുമാനിക്കാം. അങ്ങനെയെങ്കില്‍ ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. ഓരോ ടെസ്റ്റ് പരമ്പരയിലും മാക്‌സിമം 120 പോയിന്റാണുണ്ടാകുക. രണ്ട് മത്സരം മാത്രമുള്ള പരമ്പരയാണെങ്കില്‍ ഒരു വിജയത്തിന് 60 പോയിന്റ് ലഭിക്കും. അഞ്ച് മത്സരമുള്ള പരമ്പരയാണെങ്കില്‍ ഒരു വിജയത്തിന് 24 പോയിന്റാണ് ലഭിക്കുക. ഇത്തരത്തില്‍ മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് പോയിന്റ് ലഭിക്കുക. ഓരോ ടീമും രണ്ടു വര്‍ഷം കൊണ്ട് ആറു പരമ്പര പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Test User: