മൊഹാലി: പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യ നാളെ ടെസ്റ്റിനിറങ്ങുന്നത് മധ്യനിരയില്‍ രണ്ട് പ്രമുഖരില്ലാതെയാണ്. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനേ എന്നി അനുഭവസമ്പന്നരില്ലാതെ മൊഹാലിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആരായിരിക്കും ഇവര്‍ക്ക് പകരക്കാരായ മധ്യനിരക്കാര്‍ എന്നതാണ് ചോദ്യം.
ടി-20 പരമ്പരയില്‍ തകര്‍ത്തടിച്ച ശ്രേയാംസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി എന്നിവരുടെ പേരുകളാണ് കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ മുന്നിലുള്ളത്. 2012 ല്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും വിരമിച്ച വേളയില്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അകറ്റിയത് പുജാരയും രഹാനേയുമായിരുന്നു.
മോശം ഫോമിന്റെ പേരിലാണ് ഇപ്പോള്‍ ഇവര്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നത്. ഓപ്പണര്‍മാരായി നായകന്‍ രോഹിതും മായങ്ക് അഗര്‍വാളും കളിക്കുമ്പോള്‍ നാലാം നമ്പറില്‍ വിരാത് കോലി വരും. കോലിക്കിത് നൂറാമത് ടെസ്റ്റാണ്. മൂന്നാം സ്ഥാനത്താണ് പുജാര കളിച്ചിരുന്നത്. ഇവിടെ ആര് കളിക്കുമെന്നതാണ് ചോദ്യം. അഞ്ചാം നമ്പറില്‍ വിഹാരിയാണ് കളിക്കാറുള്ളത്. ആറാം നമ്പറില്‍ റിഷാഭ് പന്ത്, ഏഴാം നമ്പറില്‍ രവിന്ദു ജഡേജ, എട്ടാം നമ്പറില്‍ ആര്‍.അശ്വിന്‍ എന്നിവരും കളിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം സീമര്‍ ആരാണെന്ന ചോദ്യത്തിനും നാളെ മാത്രമായിരിക്കും ഉത്തരം,ശ്രീലങ്കക്കെതിരെ നാളെ രാവിലെ മുതലാണ് മത്സരം.