X

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൈവശം 2000ന്റെ പുതിയ നോട്ട്

ബന്ദിപ്പോര: ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈയില്‍ നിന്ന് 2000ത്തിന്റെ പുതിയ നോട്ട് കണ്ടെത്തി. എകെ 47 തോക്കിനും തിരകള്‍ക്കും പുറമെ തീവ്രവാദികളുടെ പക്കല്‍ നിന്ന്‌ 2000ന്റെ രണ്ട് പുതിയ നോട്ടുകളും 100 രൂപയുടെ 160 നോട്ടുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നാല് മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിലാണ് ഇവരെ വധിച്ചത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് സംശയിക്കുന്നു.

500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ 2000ത്തിന്റെ നോട്ട് ബാങ്കുകളിലെത്തിച്ചത്. അതേസമയം പുതിയ നോട്ടുകള്‍ ഭീകരരുടെ കയ്യില്‍ എങ്ങനെഎത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കുഴക്കുന്ന ചോദ്യം. ഇതു സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുന്നു. അതിര്‍ത്തികടന്നുള്ള തീവ്രവാദം തടയാനുള്‍പ്പെടെ നോട്ട് പിന്‍വലിക്കല്‍ സഹായകരമാകുമെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്.

കശ്മീരില്‍ ഇന്നലെ തോക്കുധാരികളായ സംഘം ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ചിരുന്നു. 500, 1000ന്റെയും അടങ്ങുന്ന 13 ലക്ഷമാണ് സംഘം കവര്‍ന്നത്. ജമ്മുകശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന 100 കിലോമീറ്റര്‍ അകലെയുള്ള മാല്‍പോരയിലായിരുന്നു ഈ മോഷണം നടന്നത്. അതേസമയം കശ്മീരില്‍ അരങ്ങേറിയിരുന്ന സംഘര്‍ഷങ്ങള്‍ക്ക് ഇപ്പോള്‍ അയവുണ്ട്. ജനജീവിതം സാധാരണ നിലയിലെത്തിയിട്ടുണ്ട്.

chandrika: