X

സഊദിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ വന്‍ കൂട്ടക്കുരുതിക്ക് പദ്ധതിയിട്ട ഭീകര സംഘം അറസ്റ്റില്‍

റിയാദ്: സഊദി, യു.എ.ഇ ഫുട്‌ബോള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുളള ഐ.എസ് ഭീകരരുടെ ശ്രമം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. വന്‍ കൂട്ടക്കുരുതിയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത്. പദ്ധതി തയ്യാറാക്കിയ രണ്ട് ഐ.എസ് ഭീകര സംഘങ്ങളെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘത്തില്‍ പാക്കിസ്താനികള്‍ ഉള്‍പ്പെട്ട നാലംഗ സംഘവും ഉള്‍പ്പെടും. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 11 ന് ചൊവ്വാഴ്ച രാത്രിയായിരുന്നു ഫുട്‌ബോള്‍ മത്സരം. ബോംബുകള്‍ നിറച്ച വാഹനം സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗില്‍ എത്തിച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഭീകരര്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി ഫുട്‌ബോള്‍ മത്സരത്തിന് രണ്ട് ദിവസം മുമ്പ് സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു. ഇത് കണക്കിലെടുത്ത് വന്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് മത്സരം നടന്നത്. ഇതോടൊപ്പം ഭീകരര്‍ക്കെതിരെ തിരിച്ചല്‍ ശക്തമാക്കി. തുടര്‍ന്നാണ് ഭീകര സംഘത്തെ സുരക്ഷാ വകുപ്പ്പിടികൂടിയതെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

രണ്ട് പാക്കിസ്താനികളും സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടങ്ങിയ ഭീകര സംഘമാണ് ജിദ്ദയില്‍ അറസ്റ്റിലായത്. സാലിമാന്‍ അറാബ് ദീന്‍, ഫര്‍മാനുല്ല നഖ്ഷബന്ദ് ഖാന്‍ എന്നീ പാക്കിസ്താനികളും ഹസ്സാന്‍ അബ്ദുല്‍കരീം ഹാജ് മുഹമ്മദ് (സിറിയ), അബ്ദുല്‍അസീം അല്‍താഹിര്‍ അബ്ദുല്ല ഇബ്രാഹിം (സുഡാന്‍) എന്നിവരാണ് ജിദ്ദയില്‍ ഭീകരാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ വകുപ്പൊരുക്കിയ കെണിയില്‍ കുടുങ്ങിയത്.

chandrika: