X

ആദില്‍ അഹമ്മദ് ദര്‍; മരമില്‍ പണിക്കാരനില്‍ നിന്ന് ചാവേറിലേക്ക്


ഇസ്്‌ലാമാബാദ്/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചാവേറായത് ദക്ഷിണ കശ്മീര്‍ സ്വദേശിയായ 20കാരന്‍ ആദില്‍ അഹമ്മദ് ദര്‍. ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആക്രമണത്തിനു മുമ്പ് റെക്കോര്‍ഡ് ചെയ്ത ദറിന്റെ വീഡിയോ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടു. എ.കെ 47 തോക്ക് സമീപം വച്ച് ജെയ്‌ഷെ മുഹമ്മദിന്റെ ബാനറിനു മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് താന്‍ ജെയ്‌ഷെ മുഹമ്മദിനൊപ്പം ചേര്‍ന്നതെന്നും ദൗത്യം നിറവേറ്റാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും വീഡിയോയില്‍ ദര്‍ പറയുന്നു. നിങ്ങളിത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, പാര്‍ലമന്റ് ആക്രമണം തുടങ്ങിയവ പരാമര്‍ശിക്കുന്ന വീഡിയോയില്‍ നിങ്ങള്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ എന്നെപ്പോലുള്ളവരുടെ ശക്തി വര്‍ധിപ്പിച്ചിട്ടേയുള്ളൂവെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ പുല്‍വാമയിലെ കാകാപോറ ഗുണ്ടിബാഗിലാണ് ഇയാളുടെ വീട്. പിതാവ് ഗുലാം ഹസന്‍ ദര്‍ ചെറുകിട വ്യാപാരിയാണ്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ദര്‍ പിന്നീട് അയല്‍വാസി നടത്തുന്ന മരമില്ലില്‍ തൊഴിലാളിയായി ചേര്‍ന്നു. എന്നാല്‍ 2018 മാര്‍ച്ച് മുതല്‍ ദറിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദിനൊപ്പം ചേരുന്നതിനായി ആരെയും അറിയിക്കാതെയ ഇയാള്‍ വീടു വിട്ടിറങ്ങുകയായിരുന്നുവെന്നാണ് വിവരം.

വീടു വിട്ട ശേഷം ഒരിക്കല്‍ മാത്രമാണ് തന്നെ വിളിച്ചതെന്ന് പിതാവ് പറഞ്ഞു. ദറിനൊപ്പം മറ്റൊരു ബന്ധവും തീവ്രവാദ ക്യാമ്പിലെത്തിയിരുന്നുവെങ്കിലും 11 ദിവസത്തിനകം ഇയാള്‍ കൊല്ലപ്പെട്ടിരുന്നതായാണ് വിവരം. ബുര്‍ഹാന്‍ വാനി വധവുമായി ബന്ധപ്പെട്ട് 2016ല്‍ കശ്മീരിലുണ്ടായ പ്രതിഷേധങ്ങളില്‍ ദര്‍ പങ്കെടുത്തിരുന്നതായും സൈന്യം നടത്തിയ വെടിവെപ്പില്‍ ഇയാളുടെ കാലിന് വെടിയേറ്റിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കശ്മീരിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് മനസ്സിലാക്കുന്നില്ല.
എന്തുകൊണ്ട് യുവാക്കള്‍ സൈന്യത്തിനെതിരെ തോക്കെടുക്കുന്നുവെന്ന് പരിശോധിക്കപ്പെടുന്നില്ലെന്നും പിതാവ് ഹസന്‍ ദര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ലത്‌പോറയിലെ സി. ആര്‍.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും രണ്ട് പുല്‍വാമ നിവാസികള്‍ (ഫര്‍ദീന്‍ അഹമ്മദ് കന്ധെ, മന്‍സൂര്‍ ബാബ) കൊല്ലപ്പെട്ടിരുന്നു.

chandrika: