ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ലാങെറ്റ് മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഗ്രനേഡ്, തോക്ക്, പാകിസ്താന്‍ കറന്‍സി എന്നിവ കണ്ടെത്തി. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം അറിയിച്ചു.
അതേസമയം പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖോന്‍മോഹ് സ്വദേശിനിയായ യാസ്മിന ആണ് മരിച്ചത്. ത്രാല്‍ നിവാസിയായ റൂബിക്ക് പരിക്കേറ്റു. വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. പുല്‍വാമയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ വീടിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ത്രാലിലെ മുഹമ്മദ് അഷറഫ് ഭട്ടിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ശനിയാഴ്ച ത്രാലിലെ ദാദ്‌സരയില്‍ പി.ഡി.പി നേതാവും മുന്‍ എം.എല്‍.എയുമായ പീര്‍ മുഹമ്മദ് അഷറഫിന്റെ വീട് തീവ്രവാദികള്‍ ആക്രമിച്ചിരുന്നു.