X

തീവ്രവാദം രക്ഷാമാര്‍ഗമല്ല

റസാഖ് ആദൃശ്ശേരി

ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ത്യയിലും ലോകവ്യാപകമായും പ്രചരിക്കുന്നതിനു പ്രധാന കാരണം ചില സംഘടനകളാണ്. അങ്ങനെയാണ് ഇസ്‌ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വംശീയതയുടെയും മതമാണെന്നും സഹിഷ്ണുതയും മനുഷ്യസ്‌നേഹവും ഇസ്‌ലാമിനു അന്യമായ വികാരങ്ങളാണെന്നുമുള്ള പ്രചാരണമുണ്ടായത്. ഒരു കാര്യത്തിലും തീവ്രതയോ അതിരുലംഘനമോ പാടില്ലയെന്നതാണ് ഇസ്‌ലാമിന്റെ നയം. മതത്തിന്റെ മൗലികവശങ്ങള്‍ക്കെതിരായ സ്വയം വ്യാഖ്യാനങ്ങള്‍ പാടില്ലയെന്നും മതത്തിന്റെയും വ്യക്തികളുടെയും നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന ചിന്താഗതികള്‍ നിര്‍മിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലയെന്നുമുള്ള കണിശമായ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമുമായി ബന്ധപ്പെടുത്തി പറയേണ്ട വിഷയങ്ങളേയല്ല. പക്ഷേ, ഇതൊന്നും ഇത്തരം സംഘടനകള്‍ക്ക് ബാധകമല്ല. അവരുടെ ലക്ഷ്യം സംഘര്‍ഷം ഉണ്ടാക്കലാണ്. അത് ഇസ്‌ലാമിന്റെ പേരിലാകുമ്പോള്‍ മറുപക്ഷത്തിനു അഥവാ ആര്‍.എസ്.എസിനു ഉന്മേഷം പകരും. ‘ഹിന്ദുക്കള്‍ അപകടത്തിലെന്ന’ അവരുടെ പ്രചാരണത്തിനു ശക്തി കൂട്ടാനേ അത് ഉപകരിക്കുകയുള്ളു. തീവ്രവാദ സംഘടനകളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കുന്നതിനു പ്രധാന കാരണം ഇത്തരം സംഘടനകളാണെന്നു എന്‍.ഐ.എ പറയുന്നു. മുസ്‌ലിം യുവതയെ വഴിതെറ്റിക്കാന്‍ കാരണമായി എന്നല്ലാതെ എന്ത് പ്രയോജനമാണ് ഇതുപോലെയുള്ള സംഘടനകള്‍ നേടി തന്നത്?

സിയോണിസ്റ്റുകളാണ് മുസ്‌ലിംകളെ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്ന ശീലത്തിനു തുടക്കംകുറിച്ചത്. യഹൂദ വംശീയ ഭ്രാന്തിന്റെ തലതിരിഞ്ഞ ആശയം പിന്നീട് ചില പാശ്ചാത്യ മാധ്യമങ്ങളും ചിന്തകരും ഏറ്റെടുത്തു. മുസ്‌ലിംകള്‍ ബന്ധപ്പെടുന്ന ഏതിനെയും എന്തിനെയും ഇസ്‌ലാം വിരോധികള്‍ തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കാന്‍ തുടങ്ങി. ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ സംഘടനയിലേക്ക് ആളെ കൂട്ടുന്നത്. ഇരുട്ടിന്റെ മറവില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടന, അവരുടെ പഠന ക്ലാസുകളിലും മറ്റും പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തു, എത്രയോ മത വിദ്യാഭ്യാസമില്ലാത്തവരെ ആവേശം കൊള്ളിച്ചു സംഘടനയില്‍ ചേര്‍ത്തിട്ടുണ്ടാവും. യഥാര്‍ഥ മതത്തില്‍നിന്നും വഴിതെറ്റി, നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്തവനായി തീവ്രവാദ ദീകരവാദ സംഘടനകളുടെ കൈകളില്‍ അകപ്പെട്ടു പോയി, ജീവിതം നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അതിന്റെ നേതാക്കള്‍ തയ്യാറാകുമോ? രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അത്തരം മക്കളെ സ്വന്തം മാതാപിതാക്കള്‍ പോലും തള്ളി പറയുന്ന അവസ്ഥക്ക് കേരളം സാക്ഷിയായില്ലെ?

ഇത്തരം സംഘടനകള്‍ നടത്തുന്ന പരുക്കന്‍ ഇടപെടലുകള്‍ക്കും അന്യായ നടപടികള്‍ക്കും പേടിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ നിന്നും പ്രമാണങ്ങളില്‍ നിന്നും തെളിവു കണ്ടെത്തുക സാധ്യമല്ല. തീവ്രവാദ സംഘടനകള്‍ക്ക് കല്‍പിത കഥകളെ ആശ്രയിക്കേണ്ടിവരുന്നതും ബദറിന്റെയും ഉഹ്ദിന്റെയും സത്ത നഷ്ടപ്പെടുംവിധം ഇസ്‌ലാമിലെ യുദ്ധങ്ങളെ തെറ്റായി വ്യാഖ്യാനിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. മതത്തിന്റെ മേലങ്കി അണിഞ്ഞ് നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദ പ്രവര്‍ത്തനം നാടിനു ആപത്താണ്. മനുഷ്യന്റെ രക്തവും അഭിമാനവും കാത്തുസൂക്ഷിക്കണമെന്നു ആഹ്വാനം ചെയ്ത പ്രവാചകന്റെ കല്‍പനക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധ്യമല്ല.

സത്യത്തില്‍ യഥാര്‍ഥ മത വിശ്വാസികളല്ല തീവ്രവാദത്തിനു അടിപ്പെടുന്നത്. അക്രമണോത്സുകത നിറഞ്ഞ മാനസികാവസ്ഥയുള്ളവരാണ്. നാട്ടില്‍ സാമൂഹിക അരാജകാവസ്ഥയാണ് അവര്‍ ആഗ്രഹിക്കുന്നത്. അത്തരം അവസ്ഥയിലാണ് തീവ്രവാദ, ഭീകരവാദ സംഘടനകള്‍ക്ക് വളരാന്‍ കഴിയുകയുള്ളു. ഫാസിസ്റ്റ് വര്‍ഗീയതയുടെ അനീതികള്‍ക്ക്, ന്യൂനപക്ഷ തീവ്രതയല്ല പരിഹാരം. അതൊരിക്കലും ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ഗുണം ചെയ്യില്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതമൈത്രിയും മാനവ സാഹോദര്യവും വീണ്ടെടുക്കുകയാണ് വേണ്ടത്. തമസാനദിയുടെ തീരത്ത് കൊക്കുരസി സല്ലപിച്ചിരുന്ന ക്രൗഞ്ച പക്ഷികള്‍ക്കുനേരെ വില്ലു കുലച്ച വേടനോട് ‘മാ നിഷാദ’ പാടിയ വാല്‍മീകി മഹര്‍ഷിയുടെ ഹിന്ദു മതത്തെ രൗദ്രഭാവം അണിയിച്ചവര്‍ അത് വെടിഞ്ഞ് സഹാനുഭൂതിയുടെ മതം തിരികെകൊണ്ടുവരണം. അങ്ങനെ എല്ലാ മതസ്ഥരും മതമില്ലാത്തവരും സാഹോദര്യത്തോടെ വാഴുന്ന ഇന്ത്യയെ തിരിച്ചുപിടിക്കണം. അതിനു വര്‍ഗീയ തീവ്രവാദ ചിന്തകള്‍ വെടിഞ്ഞു മതത്തിന്റെ യഥാര്‍ഥ സത്തയിലേക്കു തിരിച്ചുപോകണം.

Test User: