X

വര്‍ഗീയതയും മതവും


കെ.എം ഇസ്മായില്‍ പുളിക്കല്‍

യഥാര്‍ത്ഥ മതവിശ്വാസിക്ക് വര്‍ഗീയവാദിയോ, ഫാസിസ്റ്റ് ചിന്താഗതിക്കാരനോ ആകാന്‍ കഴിയില്ല. അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല എന്നതാണ് എല്ലാ മത തത്വങ്ങളും ഉദ്‌ഘോഷിക്കുന്നത്. മനുഷ്യ നന്‍മക്കായാണ് എല്ലാ മതങ്ങളും ഉണ്ടായിട്ടുള്ളത്. നീതിമാനായ ദൈവസന്നിധിയില്‍ അവന്റെ ദാസന്മാര്‍ക്ക് നീതി ലഭിക്കുന്നതിന് ദൈവം വിശേഷബുദ്ധി നല്‍കി അനുഗ്രഹിച്ച മനുഷ്യന്‍ സഹജീവികളോട് സ്‌നേഹ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് മത വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണം. ദൈവം വൈവിധ്യങ്ങളില്‍ ആകൃഷ്ടനാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. അതായിരിക്കാം അവന്റെ സൃഷ്ടിപ്പിലും ദൈവം മനുഷ്യന് അതീതമായ വൈവിധ്യങ്ങള്‍കൊണ്ട് ജീവ മണ്ഡലത്തെ അലങ്കരിച്ചത്. ദൈവത്തിന് വേണമെങ്കില്‍ ജന്തു-ജീവ-സസ്യലതാതികളെ ഒന്നോ രണ്ടോ തരം മാത്രം സൃഷ്ടിക്കാമായിരുന്നു. ഒരു കടുവയും ഒരു പശുവും മാത്രം മതിയെന്ന് ദൈവം നിശ്ചയിച്ചിട്ടില്ല. ഒരുപാട് മൃഗങ്ങളെയും പക്ഷികളെയും ഇഴജീവികളെയും സസ്യങ്ങളെയും സൃഷ്ടിച്ചു. അവ അവയുടെ നിലനില്‍പ്പിന് അനിവാര്യമെന്നോണം പരസ്പരം പൂരകങ്ങളായി നിലകൊള്ളുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് ദൈവം വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നുകൂടിയാണ്. ഇതേ രീതിതന്നെയാണ് ദൈവം മതങ്ങളുടെ കാര്യത്തിലും തീരുമാനിച്ചിട്ടുള്ളത്. ദൈവം വ്യത്യസ്തങ്ങളായ മതങ്ങളെ സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യന്‍ അവര്‍ക്കിഷ്ടമുള്ള മതങ്ങള്‍ തെരഞ്ഞെടുത്തു. എല്ലാ മതങ്ങളും മനുഷ്യ നന്മതന്നെയാണ് ഉദ്‌ഘോഷിക്കുന്നത്. 1922-ലെ മുസോളിനിയുടെയും 1933-ല്‍ ഹിറ്റ്‌ലറുടെയും ഇറ്റലിയിലേയും ജര്‍മ്മനിയിലേയും ഫാസിസവും നാസിസവും അവിടെ അരങ്ങുതകര്‍ത്തത് ജാതിയുടേയോ, മതത്തിന്റെയോ കീഴിലല്ലായിരുന്നു. ചില അജണ്ടകളുടെ കീഴിലായിരുന്നു. ചില അജണ്ടകളുടെ കീഴിലാണ് വര്‍ഗീയതയും ഫാസിസവും അംഗീകരിച്ച് ചിലര്‍ വര്‍ഗീയവിഷം ചീറ്റുന്നത്. അവര്‍ വിശ്വസിച്ച മതമോ, ജാതിയോ ഒന്നും വര്‍ഗീയതയെയും ഫാസിസത്തേയും അംഗീകരിച്ചതു കൊണ്ടല്ല.
എല്ലാ മതങ്ങളുടെയും തത്വങ്ങള്‍ അടുത്തറിഞ്ഞാല്‍ വ്യക്തമാകും അവയൊന്നും വര്‍ഗീയതയെയും ഫാസിസത്തെയും അംഗീകരിക്കുന്നില്ല എന്നത്. ഇസ്‌ലാം മത വിശ്വാസപ്രകാരം ‘അയല്‍വാസി മറ്റു മതസ്ഥനാണെങ്കിലും അവനെ ബഹുമാനിക്കുക’ എന്നാണ്. വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖറ സൂറത്തില്‍ പറയുന്നത് മതവിഷയത്തില്‍ യാതൊരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്നു വ്യക്തമായി വ്യതിരിക്തമായി കഴിഞ്ഞിരിക്കുന്നു. ഖിലാഫത്തുര്‍റാഷിദ മുതല്‍ ഇന്നുവരെയുള്ള ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്കെല്ലാം കീഴില്‍ എല്ലാവിധ സ്വാതന്ത്ര്യത്തോടുംകൂടി ഇതര മതവിഭാഗങ്ങള്‍ ജീവിച്ചുവന്നത് ഇസ്‌ലാം അനുവദിച്ച മത സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ തെളിവുകളാണ്. പ്രവാചകര്‍ (സ) ദിവംഗതനാകുമ്പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെ വീട്ടില്‍ പണയത്തിലായിരുന്നു എന്ന് നബിചരിത്രത്തില്‍ കാണാം. മതേതരത്വത്തിന്റെ മാഗ്നാകാര്‍ട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു പ്രഖ്യാപനം വിശുദ്ധ ഖുര്‍ആന്‍ അല്‍ബകറ 257 ാം സൂക്തത്തില്‍ നടത്തുന്നത് കാണുക. ‘മതത്തില്‍ ഒരു നിര്‍ബന്ധവുമില്ല’. വീണ്ടും ആ പവിത്രഗ്രന്ഥം ഉദ്‌ഘോഷിക്കുന്നു. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം’ എന്ന് (ആല്‍ കാഫിറൂന്‍ : 7). ഒരു പ്രത്യേക മതവിശ്വാസവും ഇസ്‌ലാം അടിച്ചേല്‍പ്പിക്കാന്‍ കല്‍പ്പിക്കുന്നില്ല. മനുഷ്യ ചിന്തയും ബുദ്ധിയും ഇസ്‌ലാം വില മതിക്കുന്നു എന്നത് തന്നെയാണ്. ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ സമാധാനം എന്നതാണ്. ഈ മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും വര്‍ഗീയവാദിയാകാനോ, വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവനാകാനോ സ്വീകരിക്കുന്നവനാകാനോ കഴിയില്ല. പിന്നെയെങ്ങിനെയാണ് ഇസ്‌ലാമിന്റെ പേരില്‍ വര്‍ഗീയവാദത്തിന് വിത്തുപാകുന്നത്?.
ഹിന്ദുമതവിശ്വാസപ്രകാരം അവരുടെ മത ഗ്രന്ഥങ്ങളിലും വര്‍ഗീയവാദത്തേയോ ഫാസിസത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഭഗവത്ഗീത പറയുന്നത് ‘മനുഷ്യന്‍ ഏത് വിധത്തിലായാലും എന്റെ മാര്‍ഗം തന്നെയാണ് അവന്‍ പിന്തുടരുന്നത്’ എന്നാണ്. സ്വാമി വിവേകാനന്ദന്‍ പറയുന്നത് ഞാന്‍ ചെയ്യുന്നത് കഴിഞ്ഞ കാലത്തിലെ മതങ്ങളെ അംഗീകരിക്കലാണ്. (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം, ഭാഗം രണ്ടില്‍ പുറം 448,449) ഇവയെല്ലാം വളരെ വ്യക്തമായി മറ്റു മതക്കാരെ അംഗീകരിക്കുന്ന കാര്യങ്ങള്‍ അതാണ് സൂചിപ്പിക്കുന്ന്.
ഈശാവാസ്യമിദം സര്‍വം
യദ്കിഞ്ച ജഗത്യാം ജഗത്
‘ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന എല്ലാറ്റിലും ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്നു’ ഇതായിരുന്നു ഉപനിഷദ് സന്ദേശം. രാമായണം ആരംഭിക്കുന്നത് തമസാ നദി തീരത്തായിരുന്നുവല്ലോ. കുളിര്‍മ്മയുള്ള സ്ഫടിക സമാനമായ വെള്ളം ചൂണ്ടിക്കാട്ടി വാത്മീകി പറഞ്ഞു- ‘മഹാമനുഷ്യരുടെ മനസ്സുപോലെ ശുഭ്രമായ ജലം’ എന്ന്. അത്രയും വിശുദ്ധമായിരുന്നു ഇവിടെ ആദിമ മനീഷികളുടെ മനസ്സ്. മതേതരത്വത്തിന്റെ ബാലപാഠം ഇന്ത്യയുടെ ഹൈന്ദവമായ സംസ്‌കാരത്തിന്റെ ഭാഗം തന്നെയായിരുന്നു. ഇങ്ങിനെ സുന്ദരസമത്വ ഹിന്ദുമതത്തിന്റെ വിശ്വാസവും പ്രമാണവും നയിക്കുന്ന ഹൈന്ദവ വിശ്വാസിക്ക് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.
‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന് പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രമുള്ള മതമാണ് ക്രിസ്തുമതം. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നതായിരുന്നു യേശുക്രിസ്തുവിന്റെ സന്ദേശം. നിന്നെപ്പോലെ നിന്റെ ക്രിസ്ത്യാനിയായ അയല്‍ക്കാരനെയും എന്ന് വിശേഷിപ്പിക്കപ്പെട്ടില്ല. മനുഷ്യരെയെല്ലാവരെയും സ്‌നേഹത്തിന്റെ നാരുകൊണ്ട് കോര്‍ത്തിണക്കാനാണ് ക്രിസ്തു ശ്രമിച്ചത്. സ്വീകരിക്കപ്പെടുക, ബഹുമാനിക്കപ്പെടുക എന്നിങ്ങിനെ അവനുള്ള മൗലികാവകാശം നിറവേറ്റണം എന്നതാണ് ക്രൈസ്തവ മതത്തിന്റെ കാഴ്ചപ്പാട് (ക്രിസ്തു ദര്‍ശനം) ബൈബിള്‍ നല്‍കുന്ന പാഠം ദൈവ സ്‌നേഹം എല്ലാവരിലും എത്തുന്നതുപോലെ മനുഷ്യരുടെ സ്‌നേഹവും എല്ലാവരിലും എത്തണമെന്നതാണ് (മത്തായി 5 : 48). മനുഷ്യര്‍ നിങ്ങളോട് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുതന്നെയാണ് നിങ്ങള്‍ അവരോട് ചെയ്യുക (മത്തായി 7 : 12) എന്ന വീക്ഷണത്തോടെ മുന്നോട്ടുപോകുന്ന ക്രിസ്തു മതത്തിന് ഒരു നിലയിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
മതം എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിലേക്കുള്ള വഴി എന്നതാണ്. പരസ്പരം സ്‌നേഹത്തോടെയും സഹകരണത്തോടെയും മറ്റു മതസ്ഥരെ നോവിപ്പിക്കാതെയും മുന്നോട്ട് പോവുകയാണ് ഓരോ മതസ്ഥരും ചെയ്യേണ്ടത്. മഹാത്മാ ഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സൂക്തത്തില്‍ പറയുന്നതുപോലെ,
അയം നിജപരോപതി
ഗജനാ ലഘു ചേതസാം
ഉദാര ചരിതനാംതു
വസുദൈവ കുടുംബകം
ഇത് എന്റേതാണ് അന്യന്റേതാണ് എന്ന ഗണന ചിന്താഗതി സങ്കുചിത മാനസരുടേതാണ്. വിശാലഹൃദയക്കാര്‍ക്കാകട്ടെ ഭൂമിതന്നെ കുടുംബകം എന്ന രീതിയിലാണ്, എല്ലാ മതങ്ങളും മുന്നോട്ടു പോകേണ്ടത്.

web desk 1: