ഇസ്രാഈലിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആരാണ് നല്ലതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. തമ്മില്‍ ഭേദം തൊമ്മനെന്ന് ചൂണ്ടിക്കാട്ടാന്‍പോലും അവിടെ ഒരു പാര്‍ട്ടി ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശാലവും സൗഹൃദപൂര്‍ണവുമായ രാഷ്ട്രീയ കാഴ്ചപ്പാട് അവര്‍ക്ക് അന്യമാണ്. അങ്ങനെയൊരു നല്ലപിള്ളക്ക് മുളയ്ക്കാന്‍ പറ്റിയ അന്തരീക്ഷമല്ല ഇസ്രാഈലില്‍ ഉള്ളത്. അറബ്, ഫലസ്തീന്‍ താല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒന്ന് രണ്ട് കക്ഷികളുണ്ടെങ്കിലും ജൂത തീവ്രവാദം തലക്കുപിടിച്ച മുഖ്യധാരക്കാരുടെ മുന്നില്‍ ഒച്ഛാനിച്ചു നില്‍ക്കാനേ അവര്‍ക്ക് നിവൃത്തിയുള്ളൂ. ഫലസ്തീന്‍ വിരുദ്ധതയാണ് ഇസ്രാഈല്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ഫലസ്തീനികളുടെ ചോര കുടിച്ചാണ് ആ രാജ്യത്ത് പാര്‍ട്ടികള്‍ വളരുന്നത്. ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അതിന്റെ അടിസ്ഥാനത്തിലാണ്. അല്‍പം ലിബറല്‍ സ്വഭാവമുണ്ടെന്ന് തോന്നിച്ചിരുന്ന ഭരണകൂടമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാറിന് വഴിമാറിക്കൊടുത്ത് ഇന്നലെ ഇറങ്ങിപ്പോയത്. പക്ഷേ, ഫലസ്തീനികള്‍ക്കുമേല്‍ പരമാവധി ദുരിതം വാരി വിതറിയാണ് അവരുടെ പടിയിറക്കം. 2023നെ പരമാവധി രക്തരൂഷിമാക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. 2006ന് ശേഷം ഇത്രയേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട മറ്റൊരു വര്‍ഷമുണ്ടായിട്ടില്ല.
അല്‍പം പോലും ദയാദാക്ഷിണ്യമില്ലാതെ വെസ്റ്റ്ബാങ്കില്‍ ഓരോ ദിവസവും ഇസ്രാഈല്‍ പട്ടാളക്കാര്‍ നിരപരാധികളെ കൊന്നു തള്ളുകയായിരുന്നു. അടിത്തറയിളകി ഏത് നിമിഷവും തകര്‍ച്ചയെ കാത്തിരുന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ അറബ് അനുകൂല പാര്‍ട്ടികള്‍ക്കൂകൂടി പ്രാതിനിധ്യമുണ്ടായിട്ടും ഫലസ്തീനികളെ ക്രൂശിച്ച് വിനോദിക്കുകയായിരുന്നു നെഫ്താലി ബെന്നറ്റ്, യേര്‍ ലാപിഡ് ഭരണകൂടം. പുരോഗമനപരമെന്ന് അവകാശപ്പെട്ടിരുന്ന ഒരു ലിബറല്‍ ഭരണകൂടം ഇത്രയും ഭീകരമാണെങ്കില്‍ ജൂത തീവ്രവാദികള്‍ മാത്രം അടങ്ങിയ പുതിയ നേതൃത്വം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഫലസ്തീനികള്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് മുഴുക്കെയും ആശങ്കയുണ്ട്. വെസ്റ്റ്ബാങ്കിനെ ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന വാശിക്കാരാണ് നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി അടക്കം എല്ലാവരും. ദേശീയ സുരക്ഷാ ചുമതല കയ്യാളാന്‍ പോകുന്ന ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കടുത്ത ജൂത തീവ്രവാദിയും ഫലസ്തീനികളുടെ പ്രത്യക്ഷ ശത്രുവുമാണ്. 1994ല്‍ ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദില്‍ 29 ഫലസ്തീനികളെ വെടിവെച്ചു കൊന്ന സയണിസ്റ്റ് ഭീകരന്‍ ബറൂച്ച് ഗോള്‍ഡ്‌സ്റ്റീന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ബെന്‍-ഗ്വിറിന്റെ വാക്കുകള്‍ക്കപ്പുറം നീങ്ങാന്‍ നെതന്യാഹു ധൈര്യപ്പെടില്ല. ഇയാളെപ്പോലുള്ള ഭീകരന്‍മാര്‍ മന്ത്രിയാകുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ബോധ്യമുണ്ടായിട്ടും ഇസ്രാഈലിന്റെ ക്രൂരതകളെ പച്ചയായി ന്യായീകരിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തുള്ള പാശ്ചാത്യ സമൂഹത്തിന് ഒട്ടും ലജ്ജയുണ്ടാവില്ല.
ജൂത അധിനിവേശം കൂടുതല്‍ ശക്തമാക്കുകയും വെസ്റ്റ്ബാങ്കിനെ ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യണമെന്നാണ് ലിക്കുഡ് പാര്‍ട്ടി പുതിയ സര്‍ക്കാറിനുള്ള മാര്‍ഗരേഖയില്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ആവശ്യം. നിയുക്ത ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുമെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബെന്‍-ഗ്വിറും സ്‌മോട്രിച്ചും വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റക്കാരാണ്. വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിയന്ത്രണം ഇവര്‍ക്കാണ് നെതന്യാഹു നല്‍കിയിരിക്കുന്നത്. 2007ല്‍ ഇസ്രാഈലില്‍നിന്ന് ഫലസ്തീനികളെ ആട്ടിയോടിക്കണമെന്ന് ബെന്‍-ഗ്വിര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രാഈലിനെ ചിറകിലൊതുക്കി നടക്കുന്ന അമേരിക്കക്ക് പോലും പുതിയ ഭരണകൂടത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ട്. വെസ്റ്റ്ബാങ്കിനെ കൂട്ടിച്ചേര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൂചന നല്‍കിക്കഴിഞ്ഞു. പക്ഷേ, നിര്‍ണായക സമയത്ത് അമേരിക്ക തങ്ങളോടൊപ്പം നില്‍ക്കുമെന്നും യൂറോപ്യന്‍ ശക്തികളും ഐക്യരാഷ്ട്രസഭയും മൗനത്തിലേക്ക് പിന്‍വലിയുമെന്നും ഇസ്രാഈലിന് ഉറപ്പുണ്ട്. അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റി ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്ത യു.എസില്‍നിന്ന് അന്താരാഷ്ട്ര സമൂഹം ഏറെയൊന്നും പ്രതീക്ഷിക്കുന്നില്ല. സയണിസ്റ്റുകളുടെ വാള്‍ത്തലയില്‍ ജീവന്‍ പണയം വെച്ച് മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഫലസ്തീനികള്‍ ദുരിതപര്‍വം താണ്ടുകയാണ്. ഇസ്രാഈലെന്ന ഭീകരരാഷ്ട്രം ക്രൂരതയുടെ പുതിയ പരീക്ഷണം എന്താണ് തങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്നതെന്ന് മാത്രമാണ് അവര്‍ക്ക് അറിയാനുള്ളത്.