ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ ആളുകളെത്തുന്ന ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. ഇസ്രാഈല്‍ ടൂറിസ്റ്റുകള്‍ക്കെതിരെ ആക്രമണമുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.
ജാഗ്രതാ നിര്‍ദേശമുള്ളതായി ഗോവ ഐജി ജസ്പാല്‍ സിംഗ് പറഞ്ഞു. ജൂതന്മാരെയും ഇസ്രയേലി ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന ഹിമാചല്‍, കസോള്‍, പുരി, ഗോഗര്‍ണ തുടങ്ങിയ സ്ഥലങ്ങളിലും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശമുണ്ട്. ജാഗ്രതയുടെ ഭാഗമായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇസ്രാഈല്‍ ടൂറിസ്റ്റുകള്‍ വരവ് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂസിലാന്റിലെ പള്ളിയിലുണ്ടായ ആക്രമണത്തിന് അല്‍ ഖ്വെയ്ദയോ, ഐഎസ് തീവ്രവാദികളോ പ്രതികാര ആക്രമണം നടത്തിയേക്കുമെന്ന നിഗമനത്തിന്റെ പേരിലാണ് കേന്ദ്രം കനത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.