‘ഭീകരാക്രമണം ഹൃദയഭേദകം’; കേന്ദ്രം പൊള്ളയായ വാദങ്ങൾ ഉന്നയിക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഭീകരരുടെ വെടിവെപ്പിനെ അപലപിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയും. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ് ഇരുവരും എക്സിൽ കുറിച്ചു.

ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണനിലയിലാണെന്ന പൊള്ളയായ അവകാശവാദങ്ങൾക്ക് പകരം, ക്രൂര സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാനും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം അത്യധികം അപലപനീയവും ലജ്ജാകരവുമാണ്. പാവപ്പെട്ട സിവിലിയൻമാർക്ക് നേരെ നടന്നത് മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഭീകരതക്കെതിരെയാണ് രാജ്യം നിലകൊള്ളുന്നത്. കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കാം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അനന്ത്നാഗിലേക്ക് മാറ്റി.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി.

അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

webdesk14:
whatsapp
line