പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മു കശ്മീര്‍. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ മരിച്ചു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.15നാണ് സംഭവം.ട്രക്കിന് തീപിടിച്ച് രണ്ട് സൈനികര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. പിന്നീട് മരണ സംഖ്യ അഞ്ച് ആയി ഉയര്‍ന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും അപകട കാരണത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഇടിമിന്നലിനെതുടര്‍ന്നാണ് വാഹനത്തിന് തീപിടിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. പിന്നീടാണ് ഭീകരാക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്.
മെന്ദാര്‍ സബ് ഡിവിഷനിലെ ബട്ട ദുരിയാന്‍ വെള്ളച്ചാട്ടത്തിനു സമീപം ജമ്മു – പൂഞ്ച് ഹൈവേയിലാണ് ആക്രമണമുണ്ടായത്. ബിംബര്‍ ഗാലിയില്‍ നിന്ന് പൂഞ്ചിലെ സാംഗ്യോട്ടിലേക്ക് പോകുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് പൊടുന്നനെ തീപിടിക്കുകയായിരുന്നു. ഈ സമയത്ത് മേഖലയില്‍ കനത്ത മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇതാണ് ഇടിമിന്നലിനെതുടര്‍ന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന പ്രാഥമിക നിഗമനത്തിന് കാരണം.
കനത്ത മഴ കാരണം വിദൂര ദൃശ്യങ്ങള്‍ കാണാനാവുമായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. സൈനിക വാഹനത്തിനു നേരെ ആദ്യം ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം. തൊട്ടു പിന്നാലെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. ആകെ ആറ് സൈനികരാണ് ട്രക്കിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേരും കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതോടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സൈനികരില്‍ നിന്ന് യാതൊരു വിവരവും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപകട വിവരം അറിഞ്ഞ ഉടന്‍ സെക്ടര്‍ 13 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡറും കൂടുതല്‍ സൈനികരും സംഭവ സ്ഥലത്തെത്തി. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ജമ്മുകശ്മീര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഗ്രനേഡ് ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.
അടുത്ത മാസം ശ്രീനഗറില്‍ ജി20 വര്‍ക് ഷോപ്പ് നടക്കാനിരിക്കെയുണ്ടായ ഭീകരാക്രമണം ഗുരുതര സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡി.ജി.പി ദില്‍ബാഗ് സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഘട്ടത്തിലാണ് മറ്റൊരു ഭീകരാക്രമണം കൂടി അരങ്ങേറിയിരിക്കുന്നത്.