X

ഭീകരാക്രമണം: 5 സൈനികര്‍ക്ക് വീരമൃത്യു; തിരച്ചില്‍ തുടരുന്നു

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ 2 സൈനിക വാഹനങ്ങള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം അഞ്ചായി. 3 പേര്‍ക്ക് പരിക്കേറ്റു. സുരാന്‍കോട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധേര കി ഗലിയില്‍നിന്ന് ബുഫ്‌ലിയാസിലേക്കുള്ള പാതയില്‍ ധാത്യാര്‍ മോര്‍ഹില്‍ വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം.

ധേര കി ഗലിയില്‍ ബുധനാഴ്ച രാത്രി ഭീകരവാദി സാന്നിധ്യമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പുറപ്പെട്ട സൈനിക ട്രക്കിനും ജിപ്‌സിക്കും നേരെ ഭീകരര്‍ പതിയിരുന്ന് വെടിവെക്കുകയായിരുന്നു. ഒരു മാസത്തിനിടെ മേഖലയില്‍ സൈന്യത്തിനുനേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. മേഖലയില്‍ ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.

കഴിഞ്ഞമാസം രജൗരിയിലെ കലക്കോട്ടില്‍ രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെ 5 സൈനികര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 

webdesk13: