ഗുവാഹത്തി: ഇരു സംസ്ഥാനങ്ങളിലേയും ആളുകള്‍ തമ്മില്‍ അസം-മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മിസോറാമിലെ കൊലാസിബ് ജില്ലയും അസമിലെ കാച്ചാര്‍ ജില്ലയുമാണ് ചേരുന്ന അതിര്‍ത്തി പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഇരുസംസ്ഥാനങ്ങളിലെ നിരവധി കടകള്‍ കത്തിയമര്‍ന്നു.
അസമില്‍ നിന്നുള്ള ചില ആളുകള്‍ ആയുധങ്ങളുമായി സംസ്ഥാനത്തേക്കെത്തുകയും കല്ലുകള്‍ വലിച്ചെറിയുകയുമായിരുന്നെന്നാണ് കൊലാസിബ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നല്‍കുന്ന വിശദീകരണം. ആക്രമണം കണ്ടാണ് വൈറെന്‍ഗട്ട് പ്രദേശവാസികള്‍ ഒന്നിച്ചുകൂടിയതെന്നാണ് മിസോറാം പൊലീസിന്റെ വിശദീകരണം.
സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ ഇരുസംസ്ഥാനങ്ങളും കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നപരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇടപെട്ട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സംഭഴ വികാസങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല ഇന്ന് രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം.
അതേസമയം, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ക്രമസമാധാനം തകര്‍ന്നതില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നോര്‍ത്ത് ഈസ്റ്റില്‍ നിരവധി സഖ്യ സര്‍ക്കാറുകള്‍ രൂപീകരിച്ച് ഭരണം പിടിച്ചടക്കിയിട്ട് എന്ത് സഖ്യമാണ് അവിടെങ്ങളില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ചോദിച്ചു.