ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളീയ ജനങ്ങള്‍ക്ക് കൈത്താങ്ങായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴില്‍ പതിനായിരത്തിലധികം ബസുകള്‍ സര്‍വീസ് തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി പതിനായിരത്തോളം സ്വകാര്യ ബസുകളാണ് ഇന്ന് (സെപ്തംബര്‍ 3ന്) കാരുണ്യയാത്ര നടത്തുന്നത്. കാസര്‍കോഡ്, കണ്ണൂര്‍ എന്നീ രണ്ടു ജില്ലകളില്‍ നേരത്തെ ആഗസ്റ്റ് 30ന് പ്രൈവറ്റ് ബസ് കാരുണ്യയാത്ര നടത്തിയിരുന്നു.


ടിക്കറ്റ് നല്‍കി പണം വാങ്ങുന്നതിന് പകരം ബക്കറ്റില്‍ സംഭാവന ശേഖരിക്കുന്ന കണ്ടക്ടര്‍
ടിക്കറ്റ് നല്‍കി പണം വാങ്ങുന്നതിന് പകരം ബക്കറ്റില്‍ ശേഖരിക്കുന്ന രീതിയിലാണ് യാത്രക്കാരില്‍ നിന്നും ബസ് കണ്ടക്ടര്‍മാര്‍ സംഭാവന സ്വീകരിക്കുന്നത്. 14 ജില്ലകളില്‍ നിന്നും സ്വരൂപിക്കുന്ന തുക തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്റെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. ഒരു ദിവസത്തെ കളക്ഷന്‍ മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.
സ്വന്തം വാഹനങ്ങളില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ കാരുണ്യ യാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്തും വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ ഒഴിവാക്കിയും പരമാവധി തുക സംഭാവനയായി നല്‍കിയാണ് പദ്ധതിയോട് സഹകരിക്കുന്നത്.