പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ടെന്നീസ് താരം സാനിയ മിര്‍സ. പ്രസവശേഷം കളിക്കളത്തിലെത്തുമെന്നും 2020ലെ ഒളിമ്പിക്‌സില്‍ കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു. പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിനെയാണ് സാനിയ വിവാഹം കഴിച്ചിരിക്കുന്നത്.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഇപ്പോള്‍ സാനിയ. സാനിയയുടെ പ്രസവം അടുത്ത ഒക്‌ടോബറിലാണ് നടക്കുക. പരിക്കേറ്റ സമയത്താണ് കുഞ്ഞിനെക്കുറിച്ചുള്ള ആലോചന സജീവമായതെന്നും സാനിയ അഭിമുഖത്തില്‍ പറഞ്ഞു.
ടെന്നീസിലേക്ക് തിരിച്ചുവരിക എന്നതുതന്നെയാണ് എന്റെ പ്രധാന ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് തന്നെയാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം. എങ്കിലും കുട്ടിള്‍ക്ക് മുന്നില്‍ ഒരു മാതൃകയാവാനായി ടെന്നിസിലേക്ക് എനിക്ക് തിരിച്ചുവരണം. ഗര്‍ഭിണിയായതുകൊണ്ട് മാത്രം സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ല എന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാന്‍.
ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ ഒന്നിനും ഒരു തടസമാവരുത്. കുടുംബം വലുതായി കഴിയുമ്പോള്‍ ടെന്നിസ് പിറകോട്ട് അടിക്കുന്നത് സ്വാഭാവികമാണ്. തിരിച്ചുവരാനും തിരിച്ചുവന്ന് കളിക്കാനും ഞാന്‍ ഇപ്പോഴും ചെറുപ്പമാണെന്നും സാനിയ വ്യക്തമാക്കി. എന്റെ ഗര്‍ഭകാലം മുതലാക്കി ആര്‍ക്കെങ്കിലും ടെന്നീസിലെ എന്റെ സ്ഥാനം പിടിച്ചെടുക്കാവുന്നതേയുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലും ഒരാള്‍ വരും.
ടോക്യോ ഒളിമ്പിക്‌സ് ഒരുപാട് അകലെയാണ്. ടെന്നിസ് താരം എന്ന നിലയില്‍ നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയണമെന്നുണ്ടാകും നമുക്ക്. ഇന്നത്തെ നിലയില്‍ അത് കൈവരിക്കാവുന്നതേയുള്ളൂ. എന്നാല്‍, ജീവിതത്തില്‍ എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം. പ്രസവം കഴിഞ്ഞാല്‍ കളിക്കളത്തില്‍ എത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും സാനിയ പറഞ്ഞു.