ഫൈസല്‍ മാടായി
അരിയില്‍ ഗ്രാമത്തെ തൊട്ടൊഴുകുന്ന പട്ടുവം പുഴയിലെ കാറ്റിന് കണ്ണീരിന്റെ നനവാണിപ്പോഴും. വിങ്ങുന്ന ഓര്‍മയായി ജ്വലിച്ച് നില്‍ക്കുകയാണ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന നാടിന്റെ പ്രിയപ്പെട്ടവന്‍. ഷുക്കൂര്‍ നട്ടുവളര്‍ത്തിയ മരചില്ലകളിലുണ്ട് കരുതലിന്റെ, നന്മയുടെ സുഗന്ധം. അവനിലൂടെ അറിവിന്റെ പടികള്‍ ചവിട്ടിക്കയറിയവരാരും മറക്കില്ല പകര്‍ന്ന് തന്ന ആ സ്‌നേഹം. നാടിനപ്പുറം ഒരു ജനതയുടെ ഹൃദയാന്തരങ്ങളില്‍ ജീവിക്കുന്നു ഷുക്കൂര്‍.
കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത വിധം പാര്‍ട്ടി കോടതി വിചാരണക്കിരയായി രക്തസാക്ഷിത്വം വരിച്ച എംഎസ്എഫിന്റെ ധീരനായ ആ നേതാവിനെ മറവിക്ക് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല പൊതുസമൂഹം. സിപിഎം കൊലക്കത്തിക്കിരയായി കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിന് സമീപത്തെ വയലില്‍ പിടഞ്ഞുമരിച്ച ഷുക്കൂറിന്റെ ഓര്‍മയ്ക്ക് പത്താണ്ട് തികയുമ്പോഴും ഉയരുന്ന ഒരു ചോദ്യമുണ്ട്, എന്തിന് അവനെ കൊന്നു. താന്‍ ചെയ്ത തെറ്റെന്തെന്ന് പോലുമറിയാതെ മൂന്ന് മണിക്കൂറോളം ബന്ധിയാക്കിയാണ് സിപിഎം കാപാലികര്‍ വധശിക്ഷ നടപ്പാക്കിയത്.
ഒരു പെറ്റിക്കേസില്‍ പോലും പ്രതിയല്ലായിരുന്നു ഷുക്കൂര്‍. ആത്തിക്കയെന്ന മാതാവിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ക്കൊപ്പം നാടിന്റെ പുരോഗതിക്ക് വേണ്ടിയാണ് അവന്‍ സഞ്ചരിച്ചത്. നാടിനെ കുറിച്ച്, കുഞ്ഞനിയന്‍മാരെ കുറിച്ച് സ്വപ്‌നങ്ങളേറെയുണ്ടായിരുന്നു അവനുള്ളില്‍. വാക്ക് കൊണ്ട് പോലും ആരെയും നോവിക്കാത്ത മാതൃകാ ജീവിതം. കൃത്യമായി അഞ്ച് നേരവും പള്ളികളില്‍ പോയി, താന്‍ പഠിച്ച വിദ്യാലയത്തിലും വഴിയോരങ്ങളിലും മരങ്ങള്‍ നട്ടുവളര്‍ത്തി പ്രകൃതിയെ സ്‌നേഹിച്ചവന്‍. കൂട്ടുകാരെല്ലാം കളിച്ചുല്ലസിക്കുമ്പോഴും നാടിന് വേണ്ടിയാണ് അവന്‍ പ്രവര്‍ത്തിച്ചത്.
രാജ്യസ്‌നേഹത്തെ കുറിച്ച് വാചാലനായി, ജാതിയോ മതമോ നോക്കാതെ പ്രയാസങ്ങള്‍ പരിഹരിച്ചവനായിരുന്നു ഷുക്കൂര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി അരിയിലെന്ന ദേശത്തിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. റോഡിന് വേണ്ടി, കുടിവെള്ളത്തിന് വേണ്ടി ഇടപെട്ടു. എംഎസ്എഫുകാരനായി, ലീഗുകാരനായി പ്രവര്‍ത്തിച്ചതാണോ അവന്‍ ചെയ്ത തെറ്റ്. അവന്‍ ചെയ്ത നന്മകളാണോ നിങ്ങളുടെ ഉറക്കം കെടുത്തിയത്. എതിരാളികളെ ഉന്മൂലനം ചെയ്ത് നാട് വാഴുന്ന സിപിഎം കാപാലികരോട് ഇന്നുമുയരുന്നു ആ ചോദ്യം. തങ്ങളുടെ ആധിപത്യം നിലനില്‍ക്കുന്ന ദേശത്ത് നാടിന്റെ പ്രയാസങ്ങളെ അകറ്റാന്‍ മുന്നിട്ടിറങ്ങുന്ന ധീരരെ തീര്‍ത്ത് കളയുന്ന ശൈലി തുടരുന്ന സിപിഎം കൊലക്കത്തിയുടെ ഇരയാണ് ഷുക്കൂര്‍.
അശരണര്‍ക്ക് ആശ്രയമായി, നിരാലംബര്‍ക്ക് തണലായി, രോഗികള്‍ക്കരികില്‍ ആശ്വാസമായി ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഒരുക്കി മുന്നോട്ടുപോകുന്ന മുസ്‌ലിംലീഗ് നയങ്ങള്‍ക്കൊപ്പമായിരുന്നു ഷുക്കൂറും സഞ്ചരിച്ചത്. നന്മയുടെ പാതയില്‍ അടിയുറച്ച് ഭരണതലത്തിലെ നെറികേടുകളെ തുറന്നുകാട്ടി സിപിഎം കാടത്തത്തെ ജനസമക്ഷം അവതരിപ്പിക്കുന്ന നേരിന്റെ യുവത്വത്തെ ഭയമാണ് പാര്‍ട്ടിയിലെ വിപ്ലവ നായകര്‍ക്ക്. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പി നാടിന്റെ നന്മക്കൊപ്പം നിലകൊള്ളുന്ന യുവത്വത്തെ ഏത് വിധേനയും ഇല്ലാതാക്കുകയാണ് നേതൃത്വത്തിന്റെ അറിവോടെ സിപിഎം പിന്തുടരുന്ന രീതി. അതിലൊരു ഇരയായിരുന്നു മുള്ളിനെ പോലും നോവിക്കാതെ നാടിന്റെ നന്മയ്‌ക്കൊപ്പം നിലകൊണ്ട ഷുക്കൂറും.
പാര്‍ട്ടിയുടെ അറിവോടെ നടപ്പാക്കുന്ന കൊലപാതകങ്ങള്‍ വാടക പ്രതികളില്‍ ഒതുങ്ങിയിരുന്ന കാലത്ത് നിന്നും സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും എംഎല്‍എയായിരുന്ന ടിവി രാജേഷിനെയും ജയിലിലടക്കുന്നതിലേക്ക് എത്തിയത് ഷുക്കൂര്‍ കേസിലൂടെയാണ്. മുസ്‌ലിംലീഗ് നേതൃത്വത്തിന്റെയും ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെയും നിരന്തര പോരാട്ടമാണ് ജയരാജനെയും രാജേഷിനെയും നിയമക്കുരുക്കിലാക്കിയത്.