X

വിദേശികള്‍ക്ക് വഴികാട്ടാന്‍ പത്തു വയസുകാരന്‍

വടക്കന്‍ ഖസീമിലെ ഒയുന്‍ അല്‍ ജാവ ഗ്രാമത്തില്‍ വലീദ് ജര്‍മ്മന്‍ വിനോദ സഞ്ചാരികളോടൊപ്പം

റിയാദ്: സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എന്‍.എച്ച്) പത്തുവയസുകാരന് ടൂറിസ്റ്റ് ഗൈഡ് ലൈസന്‍സ് അനുവദിച്ചു. വലീദ് ഖാലിദ് അല്‍ ലെമൈലം എന്ന ബാലനാണ് ലൈസന്‍സ് അനുവദിച്ചത്. വടക്കന്‍ ഖസീമിലെ ഒയുന്‍ അല്‍ ജാവ സന്ദര്‍ശിച്ച ജര്‍മ്മന്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രദേശത്തെ സംബന്ധിച്ച് വലീദ് വിശദീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട എസ്.സി.ടി.എന്‍.എച്ച് ചെയര്‍മാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബാലനേയും പിതാവിനെയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് അസാധാരണ നടപടിയിലൂടെ ബാലന് ലൈസന്‍സ് അനുവദിച്ചത്.

വലീദിന്റെ പിതാവ് ഖാലിദ് അല്‍ ലെമൈലം ഓസ്‌ട്രേലിയയില്‍ ഡോക്ടറേറ്റ് ബിരുദത്തിന് ഗവേഷണം നടത്തുന്ന വേളയില്‍ വലീദിനെ അവിടെ നഴ്‌സറി ക്ലാസില്‍ ചേര്‍ത്തിരുന്നു. ഇംഗ്ലീഷ് ഭാഷ വേഗം പഠിച്ച ബാലന്‍ പുസ്തകങ്ങളും ധാരാളം വായിക്കാന്‍ തുടങ്ങി. ഓസ്‌ട്രേലിയയില്‍ നിന്നു മടങ്ങിയെത്തി അറബി പാഠ്യപദ്ധതിയില്‍ പഠനം തുടങ്ങിയെങ്കിലും വലീദ് ഇംഗ്ലീഷ് കൈവിട്ടില്ല. ജര്‍മന്‍ സംഘത്തിന് ഇംഗ്ലീഷില്‍ ഒയുന്‍ അല്‍ ജാവ പ്രദേശത്തെ സംബന്ധിച്ചു വിശദീകരിക്കുന്നത് ഏറെ കൗതുകം ജനിപ്പിക്കുന്ന കാഴ്ചയാണ് സന്ദര്‍ശകരിലും സാമൂഹിക മാധ്യമങ്ങളിലെ ഉപഭോക്താക്കളിലും സൃഷ്ടിച്ചത്.

അറബി ഭാഷയിലും മികച്ച ഭാഷാ സ്വാധീനമുളള വലീദ് വിശുദ്ധ ഖുര്‍ആനിന്റെ നല്ലൊരു ഭാഗം മനപ്പാഠമാക്കിയിട്ടുണ്ട്. ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ്, ഒയുന്‍ അല്‍ ജാവ മുനിസിപാലിറ്റി, സാമൂഹിക വികസന സമിതി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി പദ്ധതിയില്‍ വലീദും അംഗമാണ്.വലീദിന്റെ പ്രധാന ഹോബി അന്യദേശക്കാരോട് ഒയുന്‍ അല്‍ ജാവയുടെ വിസ്മയ കാഴ്ചകള്‍ വിവരിക്കുന്നതിലാണെന്ന് പിതാവ് അമീറുമായുളള കൂടിക്കാഴ്ചയില്‍ പറഞ്ഞു. വലീദിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ചെറുപ്രായത്തില്‍ ടൂര്‍ ഗൈഡ് ലൈസന്‍സ് അനുവദിച്ചതെന്ന് എസ്.സി.ടി.എന്‍.എച്ച് വ്യക്തമാക്കി.

chandrika: