X

കര്‍ണാടക വിധി നിര്‍ണയിക്കുന്നത്

അഹമ്മദ് ഷരീഫ് പി.വി

 

224 അംഗ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നീ മൂന്നു മുന്‍നിര പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗം കൊഴുപ്പിക്കുകയാണ്. അവസാന ദിനങ്ങളില്‍ വര്‍ഗീയതയിലൂന്നിയ പ്രചാരണവുമായി ബി.ജെ.പി ഉത്തര കന്നഡ, തീരദേശ കര്‍ണാടക മേഖലകളില്‍ തീവ്ര പ്രചാരണം നടത്തുമ്പോള്‍ പാര്‍ട്ടിയുടെ മുഖ്യ നേതാക്കള്‍ ബംഗളൂരുവില്‍ പ്രസ്താവന യുദ്ധം നടത്തി രംഗം കൊഴുപ്പിക്കുകയാണ്. അവസാനം പുറത്തുവന്ന അഭിപ്രായ സര്‍വേകളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഏതു വിധേനയും വോട്ടു നേടുക എന്ന ഒറ്റ ലക്ഷ്യമാണ് ബി.ജെ.പിക്കു മുന്നിലുള്ളത്. പക്ഷേ മണ്ഡലങ്ങളിലൂടെയുള്ള ഓട്ട പ്രദക്ഷിണത്തില്‍ ഏതൊരു രാഷ്ട്രീയ നിരീക്ഷകനും പ്രകടമാവുന്ന ചില യാഥാര്‍ത്ഥ്യമുണ്ട്. അവയില്‍ ചിലത് ഇവയാണ്.

1. ഒരു തരത്തിലുള്ള സവിശേഷ വികാരവും സംസ്ഥാനത്ത് പ്രകടമല്ല
ഒരു സംസ്ഥാനത്ത് ഭരിക്കുന്ന സര്‍ക്കാറിനോടും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. ഇതേ കുറിച്ച് ജനങ്ങള്‍ പ്രത്യക്ഷത്തില്‍ പറയാന്‍ മടിക്കുമെങ്കിലും സ്വകാര്യമായെങ്കിലും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കും. കര്‍ണാടകയില്‍ സിദ്ധരാമയ്യയോടോ ഭരണ കക്ഷിയായ കോണ്‍ഗ്രസിനോടോ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പില്ലെന്നതാണ് പ്രകടമായ യാഥാര്‍ത്ഥ്യം. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്ന് നിസംശയം പറയാം. പ്രാദേശിക തലത്തില്‍ സിറ്റിങ് എം. എല്‍.എമാര്‍ക്കെതിരെ ചിലയിടങ്ങളില്‍ എതിരഭിപ്രായമുണ്ട്. പക്ഷേ മുഖ്യമന്ത്രിക്കോ, സര്‍ക്കാറിനോ ഇവര്‍ എതിരല്ല. ഈ കാരണം കൊണ്ടാണ് ഒരാള്‍ക്കും പ്രഥമ ദൃഷ്ട്യാ പ്രവചനം നടത്താന്‍ കഴിയാത്തത്.

2. കര്‍ണാടകയുടെ മൊത്തം നായകനായുള്ള സിദ്ധരാമയ്യയുടെ പരിവേശം
തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഒരു കാര്യം ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കന്നഡികരുടെ മൊത്തം ആവേശമായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേത് തന്നെയാണ്. താന്‍ ഉണ്ടാക്കുന്ന അജണ്ടക്കു പിന്നാലെ എതിരാളികളെ നയിക്കാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടുണ്ട്. ബി.ജെ.പിയുടെ ഏറ്റവും വലിയ പരാജയവും ഇവിടെയാണ്. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്ന യെദ്യൂരപ്പ ഒരിക്കലും ഒരു ക്രൗഡ് പുള്ളറല്ലെന്നത് ബി.ജെ.പിയെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

3. സംസ്ഥാന നേതാക്കള്‍ക്കു പകരം മോദി തന്നെ ബി.ജെ.പിയെ നയിക്കുന്നു
ഇതുവരെയുള്ള ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ വീക്ഷിച്ചാല്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം. സംസ്ഥാന നേതാക്കള്‍ക്കാര്‍ക്കും കൃത്യമായി സിദ്ധരാമയ്യയേയും കോണ്‍ഗ്രസിനെയും പ്രതിരോധിക്കാനായിട്ടില്ല. ഇപ്പോഴും ജനങ്ങളെ ആകര്‍ഷിക്കാന്‍ ബി.ജെ.പി നിരയില്‍ മോദിക്കേ കഴിയൂ എന്ന തിരിച്ചറിവാണ് 15 റാലികള്‍ നിശ്ചയിച്ചിരുന്നത് 21 റാലികളാക്കി മാറ്റാന്‍ കാരണം. അമിത് ഷാ നയിച്ച റാലികളില്‍ പലതും ആളില്ലാതെ നിരാശപ്പെടുത്തിയിരുന്നു.

4. ബി.ജെ.പിയുടെ വലിയ പിഴവുകള്‍
മോദിയുടെ കാടടച്ചുള്ള പ്രസ്താവനകള്‍ കാരണം കഴിഞ്ഞ 10 ദിവസങ്ങളായി ബി.ജെ.പിയുടെ പ്രചാരണത്തിന് ഊര്‍ജ്ജം വെച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി വരുത്തിവെച്ച ചില നിര്‍ണായക പാകപ്പിഴകള്‍ അവര്‍ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. യെദ്യൂരപ്പയുടെ മകന് വരുണ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചത് ഇതിലൊന്നാണ്. ഇത് യെദ്യൂരപ്പ അനുയായികള്‍ക്കും അദ്ദേഹം ഉള്‍പ്പെടുന്ന വീരശൈവ വിഭാഗത്തിനും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എതിര്‍പ്പ് ഭയന്ന് കഴിഞ്ഞ ദിവസം അമിത്ഷാ വരുണയിലെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കിയിരുന്നു. നിലവിലെ അവസ്ഥയില്‍ ബി.ജെ.പിക്ക് ഭരണം കിട്ടിയാലും യെദ്യൂരപ്പ അഞ്ചു വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന പൊതുവികാരം ലിംഗായത്തുകള്‍ക്കുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമാണിതെന്ന് കന്നഡ പത്രം സാക്ഷത് ശുദ്ധിയുടെ എഡിറ്റര്‍ മഹാദേവ ഗൗഡ പറയുന്നു.

5. ലിംഗായത്ത് കാര്‍ഡ് വേണ്ടത്ര ഏശുന്നില്ല
ബി.ജെ.പിയുടെ വോട്ട് ബാങ്കായ ലിംഗായത്തുകള്‍ക്ക് മത ന്യൂനപക്ഷ പദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാറിന്റെ തീരുമാനം കാര്യമായ സ്വാധീനമുണ്ടാക്കുന്നില്ലെന്നാണ് പുതുതായി പുറത്തുവന്ന സര്‍വേ പോലും ചൂണ്ടിക്കാണിക്കുന്നത്. ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാന്‍ കോണ്‍ഗ്രസിനായെന്നതൊഴിച്ചാല്‍ പ്രതീക്ഷിച്ച പോലുള്ള വന്‍ ഒഴുക്ക് കോണ്‍ഗ്രസിലേക്കുണ്ടാവില്ലെന്നു തന്നെയാണ് കരുതുന്നത്. എങ്കിലും നേരിയ വോട്ടുകള്‍ക്ക് ജയിച്ചു കയറുന്ന മണ്ഡലങ്ങളിലെ ഫലത്തെ ഇത് ചിലപ്പോള്‍ സാരമായി ബാധിച്ചേക്കാം.

6. റെഡ്ഢി സഹോദരന്‍മാരുടെ മടങ്ങി വരവ്
ബെല്ലാരി മേഖലയിലെ 10-15 മണ്ഡലങ്ങളില്‍ സ്വാധീനമുള്ള റെഡ്ഢി സഹോദരന്‍മാരുടെ ബി.ജെ.പിയിലേക്കുള്ള മടങ്ങി വരവ് ആളും പണവും ബി.ജെ.പിക്ക് യഥേഷ്ടം നല്‍കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇത് സംസ്ഥാനാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമാണുണ്ടാക്കുക. അഴിമതിയോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച മോദിയും അമിത് ഷായും റെഡ്ഢി സഹോദരന്‍മാരുമായുണ്ടാക്കിയ കൂട്ടുകെട്ട് വ്യാപക ചര്‍ച്ചക്കു വിധേയമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. റെഡ്ഢി ബന്ധമുള്ള എട്ടു പേരാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത്.

7. ദേവഗൗഡയുടെ ചാഞ്ചാട്ടം
പല അഭിപ്രായ സര്‍വേകളും ജെ.ഡി.എസ് 40 സീറ്റുവരെ നേടി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാവുമെന്ന് പ്രവചിക്കുമ്പോഴും ദേവഗൗഡയും മകന്‍ കുമാരസാമിയും എങ്ങോട്ടെന്നത് നിര്‍ണായകമാണ്. അതിലുപരിയായി മറ്റേത് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളേക്കാളും ചാഞ്ചാടി നില്‍ക്കുന്നവരാണ് ജെ.ഡി.എസ് പക്ഷത്തുള്ളവര്‍. കോണ്‍ഗ്രസിലേക്കോ, ബി.ജെ.പിയിലേക്കോ ചാടാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടാവില്ല. 40 സീറ്റുകളില്‍ കുറവാണ് ജെ.ഡി.എസ് നേടുന്നതെങ്കില്‍ അത് കോണ്‍ഗ്രസ് ഭരണത്തിലേറാനുള്ള ചാന്‍സ് കൂട്ടുമെന്നര്‍ത്ഥം. ബി.ജെ.പിയുടെ ബി ടീമാണ് ജെ.ഡി.എസ് എന്ന കോണ്‍ഗ്രസ് പ്രചാരം പലയിടത്തും ഏറ്റിട്ടുണ്ടെന്നാണ് മണ്ഡലങ്ങളിലൂടെയുള്ള പ്രയാണത്തില്‍ പ്രകടമാണ്. ജെ.ഡി.എസ് വോട്ടു ബാങ്കായ വൊക്കലിംഗ വിഭാഗക്കാര്‍ വോട്ടു ചെയ്യും മുമ്പ് ചെയ്യുന്ന വോട്ട് ബി.ജെ.പിക്കായി മാറുമോ എന്ന് ചിന്തിച്ചാല്‍ അത് കോണ്‍ഗ്രസിലേക്കു മറിയും.

8. ഹിന്ദുത്വ വികാരവും കന്നഡ ഐഡന്റിറ്റിയും
മൂന്നു തീരദേശ ജില്ലകളൊഴിച്ചാല്‍ കര്‍ണാടകയില്‍ മറ്റെവിടേയും ബി.ജെ.പിയും മോദിയും ഉയര്‍ത്തി വിടുന്ന വര്‍ഗീയ വികാരം ഒരു പരിധിക്കപ്പുറം കന്നഡികര്‍ക്കിടയില്‍ ഏശില്ല. യു.പിയിലോ, ഗുജറാത്തിലോ പോലുള്ള തീവ്ര വര്‍ഗീയ സ്വഭാവം ഇവിടുത്തുകാര്‍ക്കില്ലെന്നു തന്നെ പറയാം. യോഗിയുടെ റാലികള്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നത് ഇതാണ് തെളിയിക്കുന്നത്. പ്രത്യേക കര്‍ണാടക പതാക, മെട്രോകളിലെ ഹിന്ദി നിരോധം, കന്നഡ ഭാഷ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കല്‍, കാവേരി ജയം തുടങ്ങിയ വിഷയങ്ങള്‍ വര്‍ഗീയ കാര്‍ഡിനെ മറികടക്കാന്‍ സിദ്ധരാമയ്യയുടെ ട്രംപ് കാര്‍ഡാണെന്ന് നിസംശയം പറയാം.

9. രാഹുലിന്റെ വരവ്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന്റെ പ്രസംഗങ്ങളും റാലികളും സാക്ഷ്യം വഹിക്കാനെത്തുന്നത് വന്‍ ജനക്കൂട്ടമാണ്. അടിയന്തരാവസ്ഥക്കു ശേഷം ഇന്ദിരയുടെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച ചിക്ക്മംഗളൂരു മേഖലയില്‍ രാഹുല്‍ പ്രചാരണം നയിക്കുമ്പോള്‍ ഇന്ദിരയുടെ പേരക്കുട്ടി എന്ന ലേബലിലാണ് അദ്ദേഹത്തെ ജനം സ്വീകരിച്ചത്. കുടുംബ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെന്ന പ്രചാരം കര്‍ണാടകയിലെ വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ല. ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുടരുന്നത് കുടുംബ രാഷ്ട്രീയമാണെന്നത് തന്നെയാണ് ഇതിന്റെ കാരണം.

10. ദലിത് മുസ്്‌ലിം വോട്ടുകളുടെ ഏകീകരണം
സര്‍വേകളിലും ചര്‍ച്ചകളിലും വരാത്ത പ്രധാന വിഷയമാണ് ദലിത്-മുസ്‌ലിം വോട്ട് ഏകീകരണം. സംസ്ഥാനത്ത് ദലിതുകളും മുസ്‌ലിംകളും നിര്‍ണായകമാണ്. മുസ്‌ലിംകള്‍ക്കും, ദലിതുകള്‍ക്കുമെതിരായി രാജ്യത്ത് നടക്കുന്ന പീഡനങ്ങളുടെ പശ്ചാതലത്തില്‍ ദലിത്-മുസ്‌ലിം വോട്ട് ഏകീകരണം കോണ്‍ഗ്രസിന് അനുകൂലമായി സംഭവിച്ചാല്‍ സര്‍വേ പ്രവചനങ്ങള്‍ക്കപ്പുറമാവും ഫലമെന്ന് ഉറപ്പാണ്. ഇരു വിഭാഗങ്ങളും ചേര്‍ന്നാല്‍ 35 ശതമാനത്തോളം വരുമെന്നത് തള്ളിക്കളയാനാവാത്ത ഒന്നാണ്. ഉവൈസിയും മായാവതിയും കര്‍ണാടകയില്‍ വലിയ ഘടകമൊന്നുമല്ലെന്നത് ഇക്കാര്യത്തിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന ചില മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐയുടെ സാന്നിധ്യം ബി.ജെ.പിക്ക് അനുകൂലമാവുമെന്നതൊഴിച്ചാല്‍ മുസ്്‌ലിം വോട്ടര്‍മാരില്‍ ഏറിയ പങ്കും ഇത്തവണ കോണ്‍ഗ്രസ് പക്ഷത്തേക്കു ചായാന്‍ തന്നെയാണ് സാധ്യത.

chandrika: