X

മതമൈത്രിയുടെ വിളംബരമായി പാണക്കാട് , അഗ്നിക്കിരയായ ചമ്രവട്ടം ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് സഹായം തേടി പാണക്കാട്ട്

 

ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം

മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തേടിയെത്തി. ക്ഷേത്രം പുനര്‍നിര്‍മാണത്തിനു എല്ലാ സഹായവുമുണ്ടാവുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍നിര്‍മാണങ്ങളും ഇന്ന് കാലത്ത് 10 മണിക്ക് ഉത്തരവും കഴുക്കോലും ഉയര്‍ത്തുന്ന വിവരവും ഒപ്പം സഹായഭ്യാര്‍ത്ഥനയും സാദിഖലി ശിഹാബ് തങ്ങളെ അറിയിക്കാനുമായാണ് ക്ഷേത്രം ട്രസ്റ്റി കെ,ആര്‍ രാമനുണ്ണി നമ്പൂതിരി. പുനര്‍നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ജയപ്രകാശന്‍,കെ വാസു. എംപി കുമാരു, പിഐ മനോജ്, എസ്പി ബാബു, എന്നിവര്‍ ഇന്നലെ കാലത്ത് പാണക്കാട്ട് എത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുമായി ക്ഷേത്രം ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു.
ക്ഷേത്രം അഗ്നിക്കിരയായ വിവരം കേട്ട ഉടനെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പുനര്‍നിര്‍മാണത്തിനു തങ്ങളാല്‍ കഴിയുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മതമൈത്രിക്ക് കനപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരാണ് പാണക്കാട് കുടുംബം എന്നും ക്ഷേത്രം കത്തിയപ്പോള്‍ പാണക്കാട് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിന്തുണ ഏറെ കരുത്തായെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മതമൈത്രിക്ക് കേളികേട്ട മലപ്പുറം ജില്ലയില്‍ മതമൈത്രിയിലൂടെ ക്ഷേത്ര നിര്‍മാണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. റമസാനു ശേഷം ക്ഷേത്ര സഹായത്തിനു പദ്ധതി ആവിഷ്‌കരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരളത്തില്‍ പുഴയില്‍ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണിത്. ആസാമിലെ ബ്രഹ്മ പുത്രനദിയിലാണ് ഇതു പോലെ മറ്റൊരു ക്ഷേത്രമുള്ളത്. 2013 മാര്‍ച്ച് 2ന് ഉണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. അന്ന് ദീപാരാധന കഴിഞ്ഞ് ക്ഷേത്രം അടച്ച ശേഷം രാത്രി 8 മണിയോടെയാണ് തീപിടിക്കുന്നത് കണ്ടത്. ദീപാരാധനയുടെ തിരിയില്‍ നിന്നാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേല്‍ക്കൂട് ആണ് കത്തിയത്.
തുടര്‍ന്ന് നടന്ന സ്വര്‍ണപ്രശ്‌നത്തില്‍ ക്ഷേത്രം പൂര്‍ണമായി പുനര്‍നിര്‍മിക്കണമെന്ന് കണ്ടെത്തുകയായിരുന്നു. ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഒരുകോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനു അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. 80 ലക്ഷം രൂപ ഇതിനകം സര്‍ക്കാറില്‍ നിന്നും ലഭിച്ചുവെങ്കിലും സര്‍ക്കാറിന്റെ കണക്കിനേക്കാളും വന്‍ തുകയാണ് പുനര്‍നിര്‍മാണത്തിനു ചെലവ് വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തേക്ക്, ചെമ്പോട് തുടങ്ങിയവയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 16000 ക്യൂബിക് തേക്ക് വാങ്ങുന്നതിനു സര്‍ക്കാര്‍ എസ്റ്റിമേറ്റിനേക്കാളും ഒരു കോടി രൂപ അധികം വേണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. 70 ലക്ഷം രൂപ ഭക്തജനങ്ങളില്‍ നിന്നും ഇതിനകം പിരിഞ്ഞു കിട്ടിയിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും എസ്റ്റിമേറ്റിലെ ബാക്കി തുക ലഭിച്ചാലും ബാക്കി തുക കണ്ടെത്തേണ്ടി വരും. 2015 സപ്തമ്പര്‍ 4നാണ് ക്ഷേത്ര പുനര്‍നിര്‍മാണം തുടങ്ങിയത്. ശ്രീകോവില്‍ പടവ് ഉയരം കഴിഞ്ഞു. ഉത്തരവും കഴുക്കോലും നാട്ടുന്ന പ്രവര്‍ത്തിക്ക് ഇന്ന് ക്ഷേത്രം തന്ത്രി കൈനിക്കര തെക്കെമഠത്തില്‍ രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തുടക്കം കുറിക്കും.തുടര്‍ന്ന് ചെമ്പോട് വിരിക്കല്‍ തുടങ്ങും. ഒരു ചതുരശ്ര അടി ചെമ്പോടിനു 500 രൂപ പ്രകാരം ഭക്തജനങ്ങളില്‍ നിന്നും സമര്‍പ്പണമായി സ്വരൂപിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

chandrika: