മലയാളത്തില്‍ മെഗാഹിറ്റായ ‘പ്രേമ’ത്തിന്റെ തെലുങ്ക് റീമേക്ക് ഏറെ പ്രതീക്ഷകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വെള്ളിയാഴ്ച റിലീസ് ചെയ്തു. നിലവാരത്തിന്റെ കാര്യത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനും സായ് പല്ലവി നായികയുമായ ‘പ്രേമ’ത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല നാഗചൈന്യയും ശ്രുതിഹാസനും നായികാ നായകന്മാരായ തെലുങ്ക് പ്രേമം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എങ്കിലും ടീസറും ട്രെയ്‌ലറും കണ്ടപ്പോള്‍ പലരും പ്രതീക്ഷിച്ചിരുന്നതു പോലെ ഒരു ദുരന്തമല്ല ചന്ദു മൊണ്ഡേറ്റി സംവിധാനം ചെയ്ത തെലുങ്ക് പ്രേമം. മാത്രമല്ല, മലയാളം പ്രേമത്തെ അസൂയപ്പെടുത്തുംവിധം വന്‍ സാമ്പത്തിക നേട്ടത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. നാഗചൈതന്യയുടെ ഏറ്റവും വലിയ ഹിറ്റാവും ഈ ചിത്രമെന്ന് ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒന്നാം ദിനത്തില്‍ ആന്ധ്രയിലും തെലുങ്കാനയിലുമായി 2.38 കോടിയാണ് പ്രേമം വാരിയത്. യു.എസില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിനം രണ്ട് ലക്ഷം ഡോളറിലധികം സമ്പാദിച്ചു. തെലുങ്ക് സംസ്ഥാനങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളിലും തിയേറ്ററുകളിലും വ്യാപകമായ അഡ്വാന്‍സ് ബുക്കിങ് ആണ് നടക്കുന്നത്. പലയിടങ്ങളിലും ഞായറാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ശനിയാഴ്ച തന്നെ വിറ്റഴിഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലും തരംഗമുണര്‍ത്തിയ ‘പ്രേമം’ തെലുങ്കിലെത്തുമ്പോള്‍ ചിത്രത്തിന്റെ തനിമ നഷ്ടമാവുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, തെലുങ്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുംവിധത്തിലുള്ള ചേരുവകള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു റീമേക്ക് എന്നതിലുപരി പ്രേക്ഷകരെ മുന്നില്‍ക്കണ്ട് ചിത്രത്തെ പുനര്‍നിര്‍മിക്കുകയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളം പ്രേമത്തിലെ ആദ്യ രണ്ട് പ്രണയങ്ങളിലും നിവിന്‍ പോളിയുടെ കഥാപാത്രം കേരളത്തനിമ കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ വേഷത്തോട് നീതിപുലര്‍ത്തുന്നതില്‍ നാഗചൈതന്യ പരാജയമാണ്. അതേസമയം, മൂന്നാം പ്രണയത്തില്‍ നാഗചൈതന്യ കൂടുതല്‍ നല്ല പ്രകടനം കാഴ്ചവെച്ചു. നായക കഥാപാത്രത്തിന്റെ സ്വഭാവ രീതികളിലും മാനറിസങ്ങളിലും കാര്യമായ മാറ്റങ്ങള്‍ തന്നെയുണ്ട്. തിരക്കഥയില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും വിധമാണ്.
മലയാളം പ്രേമത്തില്‍ മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ അതേ വേഷം സുമ എന്ന പേരില്‍ കൈകാര്യം ചെയ്യുന്നു. സെലിന്‍ ആയി വേഷമിട്ട മഡോണ സെബാസ്റ്റിയന്‍ സിന്ധു എന്ന പേരില്‍ അതേ വേഷത്തിലെത്തുന്നുണ്ട്. തരംഗമായി മാറിയ ‘മലരേ’ ഗാനം അതേ ഈണത്തോടെ വിജയ് യേശുദാസ് തന്നെ ‘യെവരേ’ ആയി തെലുങ്കില്‍ ആലപിക്കുന്നുണ്ട്. മൊത്തം ഏഴ് പാട്ടുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ നാലെണ്ണത്തിന്റെ ട്രാക്ക് മലയാളത്തില്‍ നിന്നു തന്നെ കടമെടുത്തതാണ്.