ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊല കേസില്‍ യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മ, ആസൂത്രണത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുല്‍ ബാരി, അസ്ഗര്‍ അലി, അബ്ദുല്‍ കരിം, മാരുതി റാവുവിന്റെ സഹോദരന്‍ ടി. ശ്രാവണ്‍, മാരുതി റാവുവിന്റെ ഡ്രൈവര്‍ സമുദ്രാല ശിവ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഗര്‍ഭിണിയായ ഭാര്യയുമൊത്ത് ആസ്പത്രിയില്‍ നിന്നു മടങ്ങുംവഴിയാണ് ദലിത് യുവാവിനെ വെട്ടിക്കൊന്നത്.
കൊടുംകുറ്റവാളിയായ സുഭാഷ് ശര്‍മ ബിഹാറില്‍ നിന്നാണ് പിടിയിലായിലായത്. അക്രമിക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയെന്നാരോപിച്ചാണ് കരീമിനെ അറസ്റ്റുചെയ്തത്.
ദലിത് ക്രിസ്ത്യനായ പ്രണയ് കുമാറി(24)നെ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവതിയുടെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ഗര്‍ഭം അലസിപ്പിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും പ്രണവിന്റെ ഭാര്യ അമൃതവര്‍ഷിണി ആരോപിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഗര്‍ഭിണിയായ ശേഷം അമൃതയും അമ്മയും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും താന്‍ ഗര്‍ഭിണിയായ വിവരം അമ്മയെ അറിയിച്ചിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. അമൃതയുടെ വിവരങ്ങളെല്ലാം അമ്മ അച്ഛന്‍ മാരുതി റാവുവിനെ അറിയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അമ്മയും അമൃതയും അറിയാതെ മാരുതി റാവു കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പതിമൂന്നിന് അമ്മയെ വിളിച്ച അമൃത പ്രണയ്‌ക്കൊപ്പം ആസ്പത്രിയില്‍ പോകുന്ന വിവരവും അറിയിച്ചിരുന്നു. ഭാര്യയില്‍ നിന്നും വിവരമറിഞ്ഞ മാരുതി റാവു കൊലപാതകത്തിന്റെ സ്ഥലവും സമയവും ഇതോടെ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.