നിയമസഭാ മന്ദിര വളപ്പില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പ്രതിപക്ഷ സംഘടനായ ബി.ആര്‍.എസിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. മന്‍മോഹന്‍ സിങ്ങിന് ഭാരതര്തന നല്‍കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമ്പത്തിക നയത്തിന്റെ ആര്‍ക്കിടെക്റ്റ് ആയിരുന്നു മന്‍മോഹന്‍ സിങ്ങെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മന്‍മോഹന്‍ സിങ്ങിന് ആദരം അര്‍പ്പിക്കുന്നതിനായി തെലങ്കാന നിയമസഭ പ്രത്യേക സെഷന്‍ നടത്തുകയുണ്ടായി. ഈ സെഷനിലാണ് പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കിയത്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് മന്‍മോഹന്‍ സിങ്.
അതേസമയം പ്രതിപക്ഷമായ ബി.ആര്‍.എസ് പ്രമേയത്തെ പിന്തുണച്ചെങ്കിലും ബി.ജെ.പി കടുത്ത വിമര്‍ശനമാണ് നിയമസഭയില്‍ ഉയര്‍ത്തിയത്. തെലുങ്കു മണ്ണിന്റെ മകനായ നരസിംഹറാവുവിന്റെ പ്രതിമയാണ് ആദ്യം നിയമസഭാ വളപ്പില്‍ സ്ഥാപിക്കേണ്ടതെന്ന് ബി.ജെ.പി പറഞ്ഞു. നരസിംഹറാവുവിന് അര്‍ഹിച്ച ആദരവ് കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.