X
    Categories: MoreViews

തെലങ്കാന അസംബ്ലി പിരിച്ചുവിട്ടു; ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പിനെ നേരിടും

ഹൈദരാബാദ്: തെലങ്കാന അസംബ്ലി പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ക്ക് കത്തുനല്‍കി. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നിര്‍ണായക തീരുമാനം. തെരഞ്ഞെടുപ്പുവരെ കാവല്‍ മന്ത്രിസഭയായി തുടരണമെന്ന് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ റാവുവിനോട് അഭ്യര്‍ത്ഥിച്ചു.

അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 2014-ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച് ഇന്ത്യയിലെ 29-ാമത് സംസ്ഥാനമായി രൂപീകൃതമായ തെലങ്കാനയിലെ ആദ്യത്തെ സര്‍ക്കാറാണ് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) അധ്യക്ഷന്‍ കൂടിയായ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ളത്. അസംബ്ലി പിരിച്ചുവിട്ടതോടെ ഡിസംബറില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടന്നേക്കും.

മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാന്‍ ചന്ദ്രശേഖര റാവു ഒരുങ്ങുന്നതായി ദിവസങ്ങളായി സൂചനയുണ്ടായിരുന്നു. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന കൂറ്റന്‍ ടി.ആര്‍.എസ് റാലിയില്‍ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു അഭ്യൂഹങ്കിലും ‘ആറ്’ ഭാഗ്യഅക്കമായി കാണുന്ന റാവു ഇന്ന് (സെപ്തംബര്‍ ആറ്) ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. എല്ലാ പാര്‍ട്ടി എം.എല്‍.എമാരോടും എം.എല്‍.സിമാരോടും ഹൈദരാബാദിലെത്താന്‍ നിര്‍ദേശം നല്‍കിയ റാവു 22 മിനുട്ട് നീണ്ട മന്ത്രിസഭാ യോഗത്തിലാണ് അസംബ്ലി പിരിച്ചുവിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. ശേഷം ചില മന്ത്രിമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവര്‍ണര്‍ക്ക് പ്രമേയത്തിന്റെ പകര്‍പ്പ് കൈമാറി. പ്രമേയം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്.

തെലുഗുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പു ധാരണയിലെത്താന്‍ പോകുന്നു എന്ന സൂചനകള്‍ക്കിടെയാണ് ടി.ആര്‍.എസിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞാല്‍, കോണ്‍ഗ്രസ് – ടി.ഡി.പി സഖ്യത്തെ പരാജയപ്പെടുത്താനാവുമെന്നാണ് റാവുവിന്റെ കണക്കുകൂട്ടല്‍. തെലങ്കാനയില്‍ ടി.ആര്‍.എസ്സും ബി.ജെ.പിയുമല്ലാത്ത ഏതു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് തെലങ്കാന ഇന്‍ചാര്‍ജ് ആര്‍.സി ഖുണ്ഡിയ വ്യക്തമാക്കിയിരുന്നു. അതേസമയം, ‘കേന്ദ്ര പാര്‍ട്ടികളുമായി’ അകലം പാലിക്കണമെന്നാണ് ചന്ദ്രശേഖര്‍ റാവു അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: