ഡല്‍ഹി: ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ സ്വാധീനത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്.
അധ്യാപകരുടെ സമരവേദിയില്‍നിന്ന് തേജസ്വി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പട്‌നയില്‍ പ്രതിഷേധിക്കുന്ന അധ്യാപകര്‍ക്കു പിന്തുണയുമായാണ് ആര്‍ജെഡി നേതാവ് എത്തിയത്. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് ധര്‍ണ നടത്താന്‍ അനുമതി നല്‍കിയില്ലെന്ന് അധ്യാപകര്‍ തേജസ്വിയോടു പരാതിപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുമായി ഫോണില്‍ സംസാരിച്ച് ധര്‍ണയ്ക്ക് അനുമതി നേടുകയായിരുന്നു. അധ്യാപകര്‍ക്കു നടുവില്‍നിന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ്ങുമായി തേജസ്വി സ്പീക്കര്‍ ഫോണില്‍ സംസാരിക്കുന്ന വിഡിയോയാണ് വൈറലായത്.
‘ഇവര്‍ക്ക് എന്തുകൊണ്ടാണ് ധര്‍ണയ്ക്ക് അനുമതി നല്‍കാത്തത്. ഓരോ ദിവസവും അനുമതി തേടേണ്ട കാര്യമുണ്ടോ’. തേജസ്വി ചോദിച്ചു. ‘ലാത്തിച്ചാര്‍ജ് ഉണ്ടായി, അവരുടെ ആഹാരസാധനങ്ങള്‍ വലിച്ചെറിഞ്ഞു. ചിതറിയോടിയവരില്‍ ചിലര്‍ ഇപ്പോള്‍ എന്നോടൊപ്പം ഇക്കോ പാര്‍ക്കിലാണ്. ഞാന്‍ വാട്‌സാപ്പില്‍ അപേക്ഷ അയയ്ക്കും. ദയവായി അനുമതി നല്‍കണം’ തേജസ്വി പറഞ്ഞു.
നോക്കാം എന്നായിരുന്നു ചന്ദ്രശേഖര്‍ സിങ്ങിന്റെ മറുപടി. എത്രസമയത്തിനുള്ളില്‍ താങ്കള്‍ക്ക് ചെയ്യാന്‍ കഴിയും എന്ന തേജസ്വിയുടെ ചോദ്യത്തിന് ‘എന്നെ ചോദ്യം ചെയ്യുകയാണോ എന്നായിരുന്നു സിങ്ങിന്റെ മറുചോദ്യം. ഇതോടെയാണ് ഉറച്ച ശബ്ദത്തില്‍ താനാരാണെന്ന് തേജസി വെളിപ്പെടുത്തിയത്.
‘ഡിഎം സാഹബ്, ഞാന്‍ തേജസ്വി യാദവാണു സംസാരിക്കുന്നത്.’ ഇതു കേട്ടതോടെ ഒരു നിശബ്ദതയ്ക്കു ശേഷം മറുഭാഗത്തുനിന്ന് പെട്ടെന്നു പ്രതികരണം ഉണ്ടായി. ‘സര്‍, സര്‍, സര്‍, ശരി’ ചുറ്റും കൂടിനിന്ന അധ്യാപകര്‍ക്കിടയില്‍ പൊട്ടിച്ചിരി പടര്‍ന്നു.
‘ഞാന്‍ വാട്‌സാപ്പില്‍ അപേക്ഷ അയയ്ക്കും. എത്രയും പെട്ടെന്ന് നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ രാത്രി മുഴുവന്‍ ഞങ്ങളും ഇവിടെ ഇരിക്കേണ്ടിവരും’ എന്നു പറഞ്ഞ് തേജസ്വി ഫോണ്‍ കട്ട് ചെയ്തു.