പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ബിഹാറില്‍ കാണുന്നത് ഒരു യുവനേതാവിന്റെ താരോദയം. ഇപ്പോള്‍ ബിഹാറിലെത്തുന്ന ആരും എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് പറയില്ല. അത്രക്ക് ശക്തമാണ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം. കോണ്‍ഗ്രസ്-ആര്‍ജെഡി-ഇടത് പാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യത്തിന്റെ റാലികളില്‍ സംഗമിക്കുന്നത് പതിനായിരങ്ങളാണ്. തേജസ്വി യാദവാണ് മഹാസഖ്യത്തെ നയിക്കുന്നത്.
ബിഹാര്‍ അടക്കിവാണ ലാലു പ്രസാദ് യാദവെന്ന അതികായകന്റെ മകന്‍ കരുത്തനായ നേതാവായി വളരുന്നതാണ് രാജ്യം കാണുന്നത്. തേജസ്വിയുടെ ജനപ്രീതി വന്‍ തോതില്‍ വര്‍ധിച്ചതോടെ ബിജെപി നേതൃത്വം ശരിക്കും അങ്കലാപ്പിലായിട്ടുണ്ട്. ഇത്രയും കാലം അവര്‍ തേജസ്വിയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് സംവാദത്തിനായി തേജസ്വിയെ വെല്ലുവിളിച്ചിരിക്കുകയാണ്.
കഴിഞ്ഞ തവണ മഹാസഖ്യത്തിനൊപ്പം നിന്ന് ജയിച്ചതിന് ശേഷം കൊടുംചതിയിലൂടെ ബിജെപിക്കൊപ്പം പോയ നിതീഷ് കുമാര്‍ ഇപ്പോള്‍ അതിന്റെ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. നിതീഷിനെ അപ്രസക്തനാക്കിയാണ് ബിജെപി ബിഹാറില്‍ നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ച് ഏത് വിധേനയും ബിഹാര്‍ പിടിക്കുക എന്ന ലക്ഷ്യത്തില്‍ മുന്നോട്ട് പോവുന്ന ബിജെപി ഇപ്പോള്‍ നിതീഷ് കുമാറിനെ അപ്രസക്തനാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. നിതീഷ് ബിജെപിക്കൊപ്പം പോയപ്പോള്‍ തന്നെ ലാലു പ്രസാദ് യാദവ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു.
ബിജെപി വിരുദ്ധ പക്ഷത്തെ കരുത്തനായ നേതാവായി തേജസ്വി യാദവ് വളരുന്നതാണ് ഇപ്പോള്‍ ബിഹാറില്‍ കാണുന്നത്. ബിജെപിയും ആര്‍ജെഡിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇനി ബിഹാര്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. നിതീഷ് കുമാറും ജെഡിയു എന്ന പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പോടെ ബിഹാറില്‍ അപ്രസക്തരാവും. നിതീഷിനെ വീഴ്ത്താന്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ രംഗത്തിറക്കി സമാന്തര നീക്കവും ബിജെപി നടത്തുന്നുണ്ട്.
തൊഴിലില്ലായ്മയാണ് ബിഹാറിലെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിതീഷ് കുമാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് ബിഹാര്‍ ജനത ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തേജസ്വി നല്‍കുന്ന ഉറപ്പുകളാണ് തിരഞ്ഞെടുപ്പിനെ ത്രില്ലറാക്കി മാറ്റുന്നത്. പത്ത് ലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് തേജസ്വി ഉറപ്പുനല്‍കുന്നു. നാലര ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തും. ഇതിന് പുറമേ അഞ്ചര ലക്ഷം നിയമനങ്ങള്‍ അധികമായി നടത്തും. ആരോഗ്യ മേഖല, ആഭ്യന്തര-പോലീസ് മേഖല, വിദ്യാഭ്യാസ വകുപ്പ്, ബാക്കി വരുന്ന വകുപ്പുകള്‍ എന്നിവയിലും നിയമനങ്ങള്‍ ഉറപ്പിക്കും. ബീഹാറില്‍ ഒന്നേകാല്‍ ലക്ഷം ഡോക്ടര്‍മാര്‍ ആവശ്യമുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണ്. ഇത് ഉറപ്പാക്കും. മൂന്ന് ലക്ഷം സ്‌കൂള്‍ ടീച്ചര്‍മാരെയും ബിഹാറിന് ആവശ്യമുണ്ടെന്ന് തേജസ്വി പറയുന്നു.
കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്. ബിഹാറില്‍ കാലങ്ങളായി തുടരുന്ന ജാതി-മത രാഷ്ട്രീയത്തെ മറികടന്ന് കൃത്യമായ ബിജെപി വിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നു എന്നതാണ് തേജസ്വിയെ വ്യതസ്തനാക്കുന്നത്. ചരിത്രത്തിലൊരിക്കലും സംഘപരിവാറിനോട് രാജിയാവാന്‍ തയ്യാറാവാതിരുന്ന ലാലു പ്രസാദ് യാദവിന്റ മകന്‍ ബിഹാറില്‍ സംഘപരിവാര്‍ വിരുദ്ധ സഖ്യത്തെ നയിച്ച് ബിജെപിയെ മലര്‍ത്തിയടിക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.