ന്യൂഡല്‍ഹി: മോദിയല്ല, മുദ്ദയാണ് (വിഷയങ്ങള്‍) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ മോദി എന്ന വ്യക്തിയെക്കുറിച്ചല്ല. എല്ലാ മേഖലയിലും ദുരിതം മാത്രം വിതച്ച ഈ ഭരണത്തെ ജനം തൂത്തെറിയുമെന്നും തേജസ്വി യാദവ് പറഞ്ഞു. പറ്റ്‌നയിലെ ഔദ്യോഗിക വസതിയില്‍ ഒരു ദേശീയ പത്രത്തിന് അനുവദിച്ച അഭുമുഖത്തിലായിരുന്നു ബിഹാര്‍ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവിന്റെ പ്രതികരണം.
ലാലു പ്രസാദ് യാദവിനെ ജയിലില്‍ അടച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. തെരഞ്ഞെടുപ്പ് രംഗത്തെ പിതാവിന്റെ അഭാവം സംബന്ധിച്ച ചോദ്യത്തിന്, അത് തന്നേക്കാള്‍ വലിയ നഷ്ടം സമ്മാനിക്കുന്നത് ബിഹാറിലെ ജനങ്ങള്‍ക്കാണെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം. ബിഹാറിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ രോഷാകുലരാണ്. തെരഞ്ഞെടുപ്പില്‍ അവരത് പ്രതിഫലിപ്പിക്കും. ബി.ജെ. പിയില്‍ ചേര്‍ന്നാല്‍, അല്ലെങ്കില്‍ അവര്‍ക്കൊപ്പം നിന്നാല്‍ കാര്യങ്ങള്‍ എല്ലാം ശരിയാകും. ഏത് കേസും തേച്ചുമായ്ച്ചു കളയും. എതിര്‍ക്കുന്നവരെ തെരഞ്ഞെുപിടിച്ച് വേട്ടയാടുന്നതാണ് ബി.ജെ.പി നയം. തന്റെ പിതാവിനോട് ബി.ജെ.പി ചെയ്യുന്നത് ഇത്തരമൊരു വിരോധം തീര്‍ക്കലാണ്. നിതീഷിന് (ബിഹാര്‍ മുഖ്യമന്ത്രി) അക്കാര്യം നന്നായി അറിയാം. ശ്രീജന്‍ അഴിമതി മുതല്‍ മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം വരെ പല കേസുകളും അദ്ദേഹത്തിനെതിരെയുണ്ട്. എതിര്‍ത്താല്‍ ബി.ജെ.പി വേട്ടയാടുമെന്ന ഭയം കൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തില്‍നിന്ന് മാറി ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്നും തേജസ്വി പറഞ്ഞു.
മഹാസഖ്യ രൂപീകരണവും സീറ്റ് വിഭജനവും വൈകിയതിനു കാരണം കോണ്‍ഗ്രസ് ആണോ എന്ന ചോദ്യത്തിന്, പല കക്ഷികള്‍ ഉള്‍പ്പെട്ടിട്ടുള്ള സഖ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുമെന്നായിരുന്നു തേജസ്വിയുടെ മറുപടി. വൈകിയാണെങ്കിലും ഞങ്ങളുടെ കുടുംബത്തിന്റെ വ്യാപ്തി വര്‍ധിച്ചതില്‍ സന്തോഷമുണ്ട്. ചുരുക്കം ചില കക്ഷികള്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പമുള്ളത്. അതുതന്നെ മഹാസഖ്യത്തെ ഭയന്ന് ബി.ജെ.പി കൂടെക്കൂട്ടിയതാണ്. അല്‍പം വൈകിയാണെങ്കിലും പരമാവധി ശക്തിയോടെ തന്നെയാണ് തങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിട്ടുള്ളത്. എന്‍.ഡി.എയും മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റ് വിഭജനകാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. എന്നിട്ടും സീതാമാര്‍ഹിയിലെ അവരുടെ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുനിന്ന് പിന്‍മാറി. ജി.എസ്.ടി, നോട്ടു നിരോധനം തുടങ്ങിയ വിഷയങ്ങളിലൊന്നും സഖ്യ കക്ഷിയായ എല്‍.ജെ. പിയുടെ നേതാവ് ചിരാഗ് പസ്വാന്‍ മോദിയുടെ ട്വീറ്റിനെ പിന്തുണക്കുന്നില്ല. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തെരഞ്ഞെടുപ്പാകുമ്പോള്‍ പരമാവധി സീറ്റില്‍ മത്സരിക്കാനാണ് എല്ലാ കക്ഷികളും ശ്രമിക്കുകയെന്ന് സീറ്റ് വിഭജനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. കഴിഞ്ഞ തവണ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഞങ്ങള്‍ 27 സീറ്റിലും അവര്‍(കോണ്‍ഗ്രസ്) 12 സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ ഞങ്ങള്‍ 19 സീറ്റിലേക്കും അവര്‍ ഒമ്പത് സീറ്റിലേക്കും ചുരുങ്ങി. കൂടുതല്‍ കക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഈ ത്യാഗം. ന്യായമായ സീറ്റ് എല്ലാ കക്ഷികള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാസഖ്യത്തിന്റെ പേരില്‍ വോട്ടു മറിക്കുന്നതില്‍ പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടെന്ന വാദം ശരിയല്ല. ഒന്നിലധികം കക്ഷികളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ വോട്ടുകള്‍ സഖ്യത്തിലുള്ള മറ്റു കക്ഷികള്‍ക്ക് നല്‍കേണ്ടി വരുന്നത് സ്വാഭാവികമാണ്. ബി.ജെ.പിക്കും ഇതേ പ്രശ്‌നമുണ്ട്. ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍.ഡി.എ റാലിയില്‍ ബി.ജെ.പി – ജെ.ഡി.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് ഇതിന് ഉദാഹരണമാണ്. മഹാസഖ്യത്തിലുള്ള എല്ലാ കക്ഷികളും ഒരേ ആശയങ്ങളുള്ളവരാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തികള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇത്തവണയും 2014 മോഡലില്‍ ഹിന്ദു – മുസ്‌ലിം വിഭജനവും ദേശീയതയും ആയുധമാക്കുകയാണോ എന്ന ചോദ്യത്തിന്, അവര്‍ സെറ്റു ചെയ്യുന്ന അജണ്ടക്കനുസരിച്ച് പ്രതികരിക്കാന്‍ ഞങ്ങളില്ലെന്നായിരുന്നു തേജസ്വിയുടെ മറുപടി. മോദിയല്ല ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ച. മുദ്ദയാണ് (വിവിധ വിഷയങ്ങള്‍). മോദി ഭരണത്തില്‍ തൊഴിലില്ലായ്മ പാരമ്യത്തിലാണ്. കേന്ദ്ര സര്‍ക്കാറിനു കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ 22 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 15 ലക്ഷം വീതം നല്‍കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചു. ബിഹാറിന പ്രത്യേക സംസ്ഥാന പദവി വാഗ്ദാനം ചെയ്ത മോദി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നില്ലേ. താജ്മഹലിലേക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ഗയയിലെത്തിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതില്‍ ഏതെങ്കിലുമൊരു വാഗ്ദാനം നടപ്പായോ.
ഈ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ ബി.ജെ.പി മറുപടി പറയാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ പഴയ അജണ്ട വീണ്ടും തപ്പിയെടുക്കും. ഹിന്ദു മുസ്‌ലിം വേര്‍തിരിവും പാകിസ്താനും കശ്മീരുമെല്ലാം പൊക്കിക്കൊണ്ടു വരുന്നത് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തതു കൊണ്ടാണ്. ചൗക്കിദാര്‍ പരാജിതനാണെങ്കില്‍ ജനം ശിക്ഷിക്കുക തന്നെ ചെയ്യും.
ബാലാകോട്ട് സൈനിക നടപടി തന്റെ വിജയമായി അവകാശപ്പെടുന്ന മോദി ഇന്ത്യന്‍ സൈന്യത്തെയാണ് അവഹേളിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് ഒരു കഴിവുമില്ലെന്നും തനിക്കു മാത്രമാണ് കഴിവുള്ളതെന്നുമാണ് മോദി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സായുധ സേനയെപ്പോലും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മോദി ദുരുപയോഗിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. എസ്.സി, എസ്ടി അതിക്രമം തടയല്‍ നിയമം തന്നെ എടുത്തു കളയാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ജൂനിയര്‍ അഭിഭാഷകനെ മാത്രം അയച്ചതെന്നും തേജസ്വി ചോദിച്ചു.
സഹോദരന്‍ തേജ് പ്രതാപ് യാദവ് ലാലു – റാബ്രി മോര്‍ച്ച എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതു സംബന്ധിച്ച ചോദ്യത്തിന്, ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തം നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും കുടുംബ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു തേജസ്വിയുടെ മറുപടി.
മോദിയല്ല, ‘മുദ്ദ’യാണ് തെരഞ്ഞെടുപ്പ് ചര്‍ച്ച: തേജസ്വി യാദവ്
Tags: loksabha election 2019