X
    Categories: CultureMoreViews

നവജാത ശിശുവിന് രക്തം നല്‍കാന്‍ അഷ്ഫാഖ് നോമ്പു മുറിച്ചു; അഭിന്ദനവുമായി തേജശ്വി യാദവ്

പട്‌ന: നവജാത ശിശുവിന് രക്തം നല്‍കുന്നതിനായി നോമ്പുമുറിച്ച മുസ്‌ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ് മുഹമ്മദ് അഷ്ഫാഖ് എന്ന യുവാവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് സശസ്ത്ര സീമാബല്ലിലെ (എസ്.എസ്.ബി) സൈനികനായ രമേഷ് സിങ്ങിന്റെ രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിന് രക്തം നല്‍കുന്നതിനായി മുഹമ്മദ് അഷ്ഫാഖ് നോമ്പു മുറിച്ചത്. രമേശിന്റെ ഭാര്യ ആര്‍തി കുമാരി ശസ്ത്രക്രിയയിലൂടെ ജന്മം നല്‍കിയ പെണ്‍കുട്ടി ധര്‍ഭംഗ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

വ്യാപകമായി ലഭ്യമല്ലാത്ത ‘ഒ നെഗറ്റീവ്’ ഗ്രൂപ്പില്‍പ്പെട്ട രക്തം ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അഷ്ഫാഖ് രക്തദാനത്തിന് സന്നദ്ധത അറിയിച്ച് രംഗത്തുവന്നത്. എന്നാല്‍, നോമ്പുകാരനായ അഷ്ഫാഖ് മണിക്കൂറുകളായി ഭക്ഷം കഴിച്ചിട്ടില്ല എന്നതിനാല്‍ രക്തം എടുക്കാന്‍ കഴിയില്ല എന്ന് ബ്ലഡ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അഷ്ഫാഖ് നോമ്പ് മുറിച്ചത്.

‘നോമ്പ് പിന്നീട് നോറ്റുവീട്ടാവുന്നതാണ്. ജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവള്‍ (കുട്ടി) ഒരു സുരക്ഷാ സൈനികന്റെ മകളാണ് എന്നതും എനിക്ക് പ്രചോദനമേകി.’ – അഷ്ഫാഖ് പറഞ്ഞു. ഇസ്ലാമിക നിയമപ്രകാരം, ജീവരക്ഷയടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ നോമ്പു മുറിക്കുകയാണ് ചെയ്യേണ്ടത്.

അഷ്ഫാഖിന്റെ സന്നദ്ധത മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് തേജശ്വി യാദവ് അഭിനന്ദനവുമായി രംഗത്തുവന്നത്.

‘ഇതാണ് ബിഹാര്‍. ശ്രീബുദ്ധന്റെയും ഗുരു ഗോവിന്ദ് സിങിന്റെയും മഹാവീറിന്റെയും സീതാ മാതാവിന്റെയും ഹസ്രത്ത് മഖ്ദൂം യഹ്‌യാ മനേരിയുടെയും നാട്. സംഘികളുടെ കുത്സിത ബുദ്ധികള്‍ക്ക് ഞങ്ങളുടെ സാമൂഹിക ഐക്യം തകര്‍ക്കാന്‍ കഴിയുകയില്ല. ബിഹാരി എന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്.’ – മുന്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജശ്വി കുറിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: