X

പല്ല് ഉന്തിയത് അയോഗ്യത; യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടം

ഉന്തിയ പല്ല് കാരണം യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടപ്പാടി ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണ് പല്ലിന്റെ തകരാറ് ജോലിക്ക് തടസ്സമായത്. ബീറ്റ് ഓഫീസര്‍ ജോലിയാണ് നഷ്ടമായത്.

ബീറ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്സിയുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എഴുത്തു പരീക്ഷയും കായിക ക്ഷമത പരീക്ഷയും മറികടന്നാണ് മുഖാമുഖത്തിന് എത്തിയത്. ഇതിനു മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയതാണ് ജോലിക്ക് തടസ്സമായത്.ചെറുപ്രായത്തില്‍ സംഭവിച്ച ഒരു വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറ് സംഭവിച്ചത്. 18000 രൂപ ചെലവ് വരുന്ന ശാസ്ത്രക്രിയയിലൂടെ തകരാറ് പരിഹരിക്കാം എന്നാണ് വിദഗ്ധഭിപ്രായം.

മുക്കാലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ ഉള്‍പനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും കാരണമാണ് മുത്തുവിന്റെ പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാത്തതെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറയുന്നു.

അതേസമയം ചില പ്രത്യേക ജോലിയിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പി എസ് സി അറിയിക്കുന്നു.

webdesk11: