പാരിസ്: ഫ്രഞ്ച് ക്ലബ്ബ് എഫ്.സി ടൂര്‍സിന്റെ പ്രതിരോധ താരം തോമസ് റോഡ്രിഗസ് മരിച്ചു. 18-കാരനായ റോഡ്രിഗസ് വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പ്രഭാതത്തിനുമിടെയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ, ഉറക്കമുണരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബെഡ്ഡില്‍ റോഡ്രിഗ്വസ് മരിച്ചു കിടക്കുന്നതാണ് കണ്ടെത്തിയത്. മരണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു.
ഫ്രാന്‍സിലെ രണ്ടാം ഡിവഷനായ ലീഗ് 2-ല്‍ കളിക്കുന്ന എഫ്.സി ടൂര്‍സിന്റെ റിസര്‍വ് ടീം താരമാണ് പ്രതിരോധത്തിലും മധ്യനിരയിലും കളിക്കുന്ന തോമസ് റോഡ്രിഗ്വസ്. താരത്തിന്റെ മരണത്തില്‍ ക്ലബ്ബ് തകര്‍ന്നിരിക്കുകയാണെന്ന് എഫ്.സി ടൂര്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഈയാഴ്ച നടക്കാനിരുന്ന ക്ലബ്ബിന്റെ മത്സരം മാറ്റിവെച്ചിട്ടുണ്ട്. ഫ്രഞ്ച് ലീഗ് 1, ലീഗ് 2 എന്നിവയില്‍ ഈയാഴ്ച കളിക്കാര്‍ കളിച്ച ആം ബാന്‍ഡ് ധരിച്ചായിരിക്കും ഇറങ്ങുക.
ഫുട്‌ബോള്‍ ലോകത്ത് രണ്ടാഴ്ചക്കിടെ രണ്ടാമത്തെ ദുരന്ത വാര്‍ത്തയാണിത്. കഴിഞ്ഞയാഴ്ച ഇറ്റാലിയന്‍ ക്ലബ്ബ് ഫിയറന്റീനയുടെ ക്യാപ്ടന്‍ ഡേവിഡ് അസ്റ്റോറി മരണപ്പെട്ടിരുന്നു. 31-കാരനായ അസ്റ്റോറി ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. താരത്തിനോടുള്ള മരണാനന്തര ബഹുമതിയായി കരാര്‍ ആജീവനാന്ത കാലത്തേക്ക് ദീര്‍ഘിപ്പിച്ചതായും അസ്‌റ്റോറി ധരിച്ചിരുന്ന 13-ാം നമ്പര്‍ കുപ്പായം ഇനി ആര്‍ക്കും നല്‍കില്ലെന്നും ഫിയറന്റീന വ്യക്തമാക്കിയിട്ടുണ്ട്.