ലക്‌നോ: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ തലസ്ഥാനമായ ലക്‌നോവിലെ നഗര മധ്യത്തിലുള്ള ടീലെ വാലി മസ്ജിദിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്മണ പ്രതിമ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനം.
ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ മുസ്്‌ലിം പണ്ഡിതര്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിനായി പള്ളിക്ക് ഉള്‍കൊള്ളാവുന്നതിലും അതികം പേരാണ് ഇവിടെ എത്താറുള്ളത്. ഇവര്‍ പള്ളിയുടെ പുറത്ത് നിന്നാണ് നമസ്‌കാരം നിര്‍വഹിക്കുന്നത്. ലക്ഷ്മണ പ്രതിമ സ്ഥാപിക്കുന്നതു വഴി ഇത് അവസാനിപ്പിക്കാനാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ നീക്കമെന്ന് മുസ്്‌ലിം പണ്ഡിതര്‍ പറയുന്നു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ലാല്‍ ജി ടണ്ഠന്റെ പുസ്തകമായ അണ്‍കഹ ലക്‌നോ എന്ന പുസ്തകത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ടീലെ വാലി മസ്ജിദ് ലക്ഷ്മണ്‍ കാ ടീലാ എന്ന് വിശേഷിപ്പിച്ചത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാബരി മസ്ജിദിന് ശേഷം സംഘ്പരിവാറുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പള്ളിയാണിത്. അതേ സമയം പള്ളി ഉള്‍ക്കൊള്ളുന്ന മേഖല പുരാവസ്തു ഗവേഷണ വകുപ്പിന്റെ (എ.എസ്.ഐ) കീഴിലായതിനാല്‍ ലക്‌നോ മുനിസിപ്പല്‍ കോര്‍പറേഷന് ലക്ഷ്മണ പ്രതിമ സ്ഥാപിക്കാന്‍ എ.എസ്.ഐയുടെ അനുമതി കൂടി വേണം.
ഈദ് പോലെയുള്ള വിശേഷ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ മസ്ജിദിലെത്തും ലക്ഷ്മണ പ്രതിമ സ്ഥാപിച്ചാല്‍ വിശ്വാസികള്‍ക്ക് പള്ളിക്ക് പുറത്ത് നിന്നും നമസ്‌കരിക്കാനാവില്ല. ഒരു പ്രതിമക്കു മുന്നില്‍ നിന്നും നമസ്‌കരിക്കാന്‍ വിശ്വാസികള്‍ക്കാവില്ലെന്ന് ടീലെ വാലി പള്ളി ഇമാം മൗലാന ഫസല്‍ ഇ മന്നന്‍ പറഞ്ഞു. 1993-94ല്‍ സമാനമായ ശിപാര്‍ശ വന്നിരുന്നെന്നും എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ശിപാര്‍ശ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് അപേക്ഷ നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേ സമയം എല്ലാവരുടേയും അഭിപ്രായം പരിഗണിക്കുമെന്നും ലക്ഷ്മണ പ്രതിമ സ്ഥാപിക്കുന്നതിനായുള്ള സ്ഥലം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും മേയര്‍ സന്യുക്ത ഭാട്ടിയ പറഞ്ഞു.
എന്നാല്‍ ലക്ഷ്മണ പ്രതിമ നല്ല സന്ദേശം നല്‍കുമെന്നാണ് ബി.ജെ.പിയുടെ വാദം. ലക്‌നോയുടെ ഐഡന്റിറ്റിയാണ് ലക്ഷ്മണ, അതിനാല്‍ ശിപാര്‍ശ നല്ല സന്ദേശമാണ് നല്‍കുകയെന്നും ബി.ജെ.പി വക്താവ് മനീഷ് ശുക്ല പറഞ്ഞു.
- 6 years ago
chandrika
Categories:
Video Stories
ടീലെ വാലി മസ്ജിദ് പിടിക്കാന്‍ സംഘ്പരിവാര്‍ ശ്രമം
Tags: masjid