X

കള്ളവോട്ട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. വരണാധികാരികള്‍ കൂടിയായ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
ആരോപണം ശരിയെങ്കില്‍ ഏറെ ഗൗരവമുള്ള കാര്യമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ പറഞ്ഞു. ദൃശ്യത്തിന്റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്‌തെന്ന് പുറത്ത് വന്ന വിവരങ്ങള്‍ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചോ എന്നും പരിശോധിക്കും. ഉദ്യോഗസ്ഥര്‍ അറിയാതെ കള്ള വോട്ട് നടക്കാന്‍ സാധ്യത ഇല്ല. അടിയന്തരമായി റിപ്പോര്‍ട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തില്‍ ഉണ്ടായിരുന്ന ബൂത്ത് ഏജന്റുമാരും കുറ്റക്കാരാകും. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ജനപ്രതിനിധികള്‍, മുന്‍പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി, വ്യവസായി പ്രതിനിധികള്‍ തുടങ്ങി പലരും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

chandrika: