ഷാര്‍ജ-കോഴിക്കോട് വിമാനത്തില്‍ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലര്‍ച്ചെ 3:30 ന് പുറപ്പെടാന്‍ ഒരുങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍നിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് നടപടി. ഇതോടെ 170 ലേറെ യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങി.
പുലര്‍ച്ചെ 2:30 ന് പുറപ്പെടേണ്ട IX 356 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ഒരു മണിക്കൂര്‍ വൈകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് 3.30ന് യാത്രക്കാരെ കയറ്റി റണ്‍വേയില്‍ ടേക്ക്ഓഫിന് തയാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവന്‍ യാത്രക്കാരെയും ഷാര്‍ജ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ഇവര്‍ക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തു.
എന്നാല്‍, വിമാനം എപ്പോള്‍ യാത്ര പുനഃരാംഭിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം റാസല്‍ഖൈമയില്‍ റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരും ഈ വിമാനത്തിലുണ്ട്.