X

നോട്ട് മാറ്റത്തിന് പിന്നിലെ കുരുക്ക്; ദുരിതം കണക്കുകളിലൂടെ വെളിപ്പെടുത്തുന്നു ഈ അധ്യാപകന്‍

ഫൈസല്‍ മാടായി

തലശ്ശേരി: കടലാസിന്റെ വിലയില്‍ മാത്രമൊതുങ്ങിയ പഴയ 500 രൂപയും 1000വും ഓര്‍മ്മകളിലേക്ക് മറയാനിരിക്കെ നോട്ട് മാറ്റത്തിന് പിന്നിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അധ്യാപകനും. ഇടപാടുകളില്‍ നൂതന ശൈലി പ്രോത്സാഹിപ്പിച്ച് നടപ്പിലാക്കിയ പരിഷ്‌ക്കാരം സര്‍വമേഖലയിലുമുണ്ടാക്കിയ പ്രതിസന്ധിയാണ് മമ്പറം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ വി.രാജേഷ് മോഹന്‍ പങ്ക്‌വെക്കുന്നത്. 500, 1000 രൂപ അസാധുവാക്കിയതിനെ തുടര്‍ന്ന് അനുഭവിച്ച് തീരാത്ത ദുരിതവും സാമ്പത്തിക വിനിമയത്തിലെ പിഴവുകളും വിവരിച്ച് ഷൊര്‍ണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ‘ടീച്ചിംഗ് എയ്ഡ്’ ആയി അവതരിപ്പിച്ചപ്പോള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

എ-ഗ്രേഡോടെ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ വിഷയത്തിലൂടെ നോട്ട് മാറ്റം വ്യാപാര മേഖലയിലും കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്തംഭനം, ഭൂമി ഇടപാട്, കാര്‍ഷിക മത്സ്യബന്ധന മേഖലയിലുണ്ടായ പ്രതിസന്ധിയും സാമ്പത്തിക മേഖലയിലെ ഇടിവുമാണ് അവതരിപ്പിച്ചത്. നികുതിയിനത്തിലുള്‍പ്പെടെ സര്‍ക്കാറിനുണ്ടായ വരുമാനക്കുറവിനെ കുറിച്ച് കണക്ക് സഹിതം മുന്‍കൂട്ടി അവതരിപ്പിക്കുവാനും രാജേഷ്‌മോഹന് സാധിച്ചിരുന്നു.
സാമ്പത്തിക രംഗത്തെ മാന്ദ്യം പ്രധാന ബാങ്കുകളെ കൂടി പ്രതിസന്ധിയിലാക്കിയതും ഇതേ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവുമാണ് പ്രധാന വിഷയം.

 

വ്യാപാര മേഖല ദിനേന പിന്നോക്കം പോകുന്ന സാഹചര്യവും തൊഴില്‍ മേഖല നിശ്ചലമാകുന്ന സ്ഥിതിയും ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഭരണാധികാരികളുടെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യവും ഈ അധ്യാപകന്റെ പ്രൊജക്ടിന് പിന്നിലുണ്ട്.
കയ്യില്‍ കാശുണ്ടായിട്ടും പുറത്ത് നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനാകാത്ത അനുഭവമാണ് രാജേഷ് മോഹനെ പ്രൊജക്റ്റ് തയ്യാറാക്കുന്നതിലേക്കെത്തിച്ചത്.

 

ജോലിക്ക് പോലും പോകാനാകാത്ത സാഹചര്യമൊരുക്കി പൊരിവെയിലില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഒടുവില്‍ പണം മാറി കിട്ടാത്തവരുടെ ദൈന്യത വിവിധ പ്രദേശങ്ങളിലെ ദുരിത കാഴ്ചകളായി ഇദ്ദേഹം പങ്ക്‌വെക്കുന്നു.ഓട്ടോകാശ് നല്‍കാനില്ലാത്തതിനാല്‍ ശാസ്‌ത്രോത്സവത്തിലെ മത്സര വേദിയിലേക്ക് കിലോ മീറ്ററുകള്‍ നടക്കേണ്ട അവസ്ഥയിലേക്ക് തന്നെയും എത്തിച്ചത് നോട്ട് മാറ്റിയതിനു പിന്നിലെ പ്രതിസന്ധിയാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒത്തിരി പേരുടെ ദുരിതത്തിന്റെ നേര്‍സാക്ഷ്യമാണ് രാജേഷ്‌മോഹന്റെ ഈ പ്രൊജക്റ്റ്. ഗവ.ബ്രണ്ണന്‍ കോളജ് ഹിന്ദി വിഭാഗം അസി.പ്രൊഫസര്‍ ജെ.വാസന്തിയാണ് ഭാര്യ. ഗൗരി.ആര്‍ ഭട്ട്, ഗായത്രി.ആര്‍ ഭട്ട് എന്നിവര്‍ മക്കളാണ്.

chandrika: