ആപ്പിളിന്റെ ഐഫോണ്‍ മിനി വിപണിയിലെത്തുന്നു. ഐഫോണ്‍ 12 സീരിസിലെ ബേബിയുടെ പേര് ഐഫോണ്‍ മിനി എന്നാകാമെന്നാണ് അഭ്യൂഹങ്ങള്‍. ഐഫോണിന്റെ ഏറ്റവും വലിപ്പം കുറഞ്ഞ ഫോണുകളിലേക്ക് ആളുകള്‍ തിരിയുന്നതിന്റെ പശ്ചാതലത്തിലാണ് ഐഫോണ്‍ മിനി വരുന്നത്. വരുന്ന ഒക്ടോബര്‍ 13നായിരിക്കും ഇതിന്റെ ലോഞ്ചിങ് എന്നാണ് റിപ്പോര്‍ട്ട,
എന്തെല്ലാം പ്രത്യേകതകളാണ് ഈ ഫോണിലുണ്ടാവുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കമ്പനി ഇതേപ്പറ്റി ഔദ്യോഗികമായ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഇന്റര്‍നെറ്റില്‍ ഇതേപ്പറ്റി പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. വലിപ്പം കൂടിയ ഐഫോണുകളോട് ആളുകള്‍ക്ക് പൊതുവെ മടുപ്പും വന്നു തുടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഐഫോണ്‍ മിനി എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. മിനി സംഭവങ്ങള്‍ ഐഫോണ്‍ മുമ്പും പലതായി ഇറക്കിയിട്ടുണ്ട്. ഐപാഡ് മിനി, ഐപോഡ് മിനി, മാക് മിനി തുടങ്ങിയ ഉപകരണങ്ങളെല്ലാം കമ്പനി ഇറക്കിയിരുന്നത് മിനി എന്ന പേരുമായാണ്.
ഐഫോണ്‍ മിനി 5ജി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിലക്കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് പ്രചരിക്കുന്ന വിവരങ്ങള്‍. 699 ഡോളറായിരിക്കും ഫോണിന്റെ വില എന്നും പറയുന്നു. ഫോണിന് ഓലെഡ് ഡിസ്‌പ്ലേ തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയ്‌സിങ് അലൂമിനിയമാണെന്നും പറയുന്നു.