X

വാഗണ്‍ട്രാജഡി എന്ന കണ്ണീരോര്‍മ്മ

മുജീബ് തങ്ങള്‍ കൊന്നാര്‌

1921 നവംബര്‍ 20 നെ ബ്ലാക്ക് നവംബര്‍ എന്ന് വിശേഷിപ്പിക്കേണ്ടവിധം ലോകത്ത് അറിയപ്പെട്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു വാഗണ്‍ ട്രാജഡി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ചൂഷണാത്മകവും പൈശാചികവുമായ ദുര്‍ഭരണത്തിനെതിരെ പൊരുതിയ ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നൂറോളം വരുന്ന രാജ്യസ്‌നേഹികളെ അറസ്റ്റ്‌ചെയ്ത് ബല്ലാരിയിലേക്ക് കൊണ്ടുപോകാന്‍ എം.എസ്.എം എല്‍.വി 17 ാം നമ്പര്‍ ബോഗിയാണ് ബ്രിട്ടീഷ് കാപാലികര്‍ ഉപയോഗിച്ചത്. ചരക്കുകടത്താന്‍ ഉപയോഗിക്കുന്ന കാറ്റ് കടക്കാത്ത ഈ വാഗണില്‍ 50 പേര്‍ക്ക്തന്നെ നില്‍ക്കാന്‍ സ്ഥലമില്ലായിരുന്നു. ഇത്തരമൊരു വാഗണിലാണ് തലയിണയില്‍ ഉന്നംനിറയ്ക്കുന്ന ലാഘവത്തോടെ തോക്കിന്‍ ചട്ടകൊണ്ട് അമര്‍ത്തി തള്ളി 100 പേരെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ബ്രിട്ടീഷുകാര്‍ കുത്തിനിറച്ചത്. 60 മാപ്പിളമാരും നാല് ഹൈന്ദവരും വാഗണില്‍ വെച്ചുതന്നെ അതിദാരുണമായി വീരമൃത്യു വരിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാണ് ഈ വീരരക്തസാക്ഷികള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ബാക്കി 30 പേരെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സക്ക്‌ശേഷം ജയിലിലേക്ക് കൊണ്ടുപോയി. പത്ത് മാസത്തെ തടവിന് ശേഷം അവരെയെല്ലാം തിരിച്ചയച്ചു.

ബല്ലാരിയിലേക്കുള്ള യാത്രാമധ്യേ പോത്തന്നൂരില്‍ വെച്ച് ശ്വാസം ലഭിക്കാതെ പരസ്പരം കടിച്ചും മാന്തിയും കീറിപ്പറിച്ചു വീരമൃത്യു വരിച്ച ഈ സ്വാതന്ത്ര്യസമര സേനാനികളുടെ ദുര്‍വിധി ബ്രിട്ടീഷ് കോളനി വാഴ്ചയുടെ സ്മാരകമായി, മനുഷ്യമനസ്സുകളില്‍ കിടിലംകൊള്ളിക്കുന്ന ഓര്‍മ്മയായി തുടരും. ദുരന്തത്തില്‍ മരിച്ച രാജ്യസ്‌നേഹികളായ മാപ്പിളമാരും ഹിന്ദുക്കളും കണ്ണുകള്‍ തുറുത്തി നാവ് പുറത്തേക്ക് നീണ്ട് തല പൊട്ടി, തൊലിയുരിഞ്ഞ അവസ്ഥയിലായിരുന്നുവത്രെ കാണപ്പെട്ടത്. മലവും മൂത്രവും വിയര്‍പ്പുമെല്ലാം മസാല തേച്ച് പിടിപ്പിച്ചത് പോലെ ആ മൃതശരീരങ്ങളില്‍ ആവരണം ചെയ്തിരുന്നു.

ലോകജനത ഒന്നടങ്കം വിറങ്ങലിച്ച ഈ ക്രൂരകൃത്യത്തിന് എതിരെ നിയമനിര്‍മാണസഭകളില്‍ പ്രമാദമായ വാദപ്രതിവാദങ്ങള്‍ നടന്നു. കോളനിവാഴ്ചയുടെ കൊടുംക്രൂരതയെപറ്റി ലണ്ടന്‍ ടൈംസിന്റെ ബോംബെ ലേഖകന്‍ ഇങ്ങനെ എഴുതി: ‘ഗ്രേറ്റ് ബ്രിട്ടണലിലെ മനുഷ്യരുടെ സംസ്‌കാരത്തെ ഇടിച്ചുതാഴ്ത്തുന്നതാണ് വാഗണ്‍ ട്രാജഡി’. ലണ്ടന്‍ ടൈംസ്‌വരെ മനുഷ്യ സംസ്‌കാരത്തെ ഇടിച്ചുതാഴ്ത്തുന്ന നടപടിയായാണ് വാഗണ്‍ ട്രാജഡിയെ വിലയിരുത്തിയത്. എന്നാല്‍ ഇതൊന്നും സംഘ്പരിവാറിന് വിഷയമല്ല. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സംഘ്പരിവാര്‍ ഒരു സംഭാവനയും ചെയ്തിട്ടില്ല എന്നതിന് ചരിത്രം തെളിവാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ആര്‍.എസ്.എസിന്റെ ലഷ്യമല്ലെന്ന് ഡോ. കേശവ് ബിലറാം ഹെഡ്‌ഗേവാര്‍ തുറന്നടിച്ചിട്ടുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും തികഞ്ഞ ഐക്യബോധത്തോടെ കോളനി വാഴ്ചക്കെതിരെ അണിനിരന്നത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയായിരുന്നു. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ അനൈക്യം പിടിമുറുകണം എന്നലഷ്യത്തോടെ കായിക പരിശീലനത്തില്‍ അധിഷ്ഠിതമായ ആര്‍.എസ്.എസ് 1925ല്‍ രൂപപ്പെടാന്‍ നിമിത്തമായത് ഖിലാഫത്ത് പ്രസ്ഥാനമായിരുന്നു. അതുകൊണ്ട് ഖിലാഫത്തിന്റെ ഭാഗമായിനടന്ന വാഗണ്‍ ട്രാജഡി സ്മരണകള്‍ ദേശീയ ചരിത്ര ധാരയില്‍നിന്ന് ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നത് അവരുടെ സംഘടനയുടെ സ്ഥാപക ലഷ്യങ്ങള്‍ നടപ്പിലാക്കലാണ്.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ മലബാറിലെ ദേശസ്‌നേഹികള്‍ സംഘടിതമായി നടത്തിയ പോരാട്ടമായിരുന്നു 1921ലെ മലബാര്‍ സമരം. എന്നാല്‍ ഈ സമരത്തെ ഹിന്ദു-മുസ്‌ലിം സംഘട്ടനമായും വര്‍ഗീയ സംഘട്ടനമായും വിശേഷിപ്പിക്കാല്‍ സംഘ് പരിവാര്‍ തുടക്കം മുതല്‍ ശ്രമിച്ചിട്ടുണ്ട്. 1857ന് ശേഷം ഇന്ത്യയിലെ ഹിന്ദു മുസ്‌ലിം ജനവിഭാഗം ദേശസ്‌നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി കോളനി വാഴ്ചക്കെതിരെ കൈകോര്‍ത്തത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയായിരുന്നു. അലി സഹോദരന്‍മാരായ മൗലാന മുഹമ്മദലിയും ശൗക്കത്തലിയും ഗാന്ധിജിയും തമ്മിലുള്ള ഐക്യപ്പെടല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തലെ പ്രധാന അധ്യായമാണ്. എന്നാല്‍ ഈ ഐക്യപ്പെടല്‍ ഹിന്ദുത്വവാദികള്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാന കാലഘട്ടത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തെ അപകടകരമായ പ്രവണതയായാണ് ആര്‍.എസ്.എസ് നേതാവ് ഡോ. കേശവ് ബിലറാം ഹെഡ്‌ഗേവാര്‍ കണ്ടത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണല്ലാ 1921ലെ മലബാര്‍ സമരം നടന്നത്. അതുകൊണ്ട്തന്നെ ഖിലാഫത്തിന്റെ ഭാഗമായി നടന്ന വാഗണ്‍ ട്രാജഡി ഉള്‍പ്പെടെയുള്ള കണ്ണീര്‍ സ്മരണകള്‍ വരെ ഇല്ലാതാക്കാനുള്ള തത്രപ്പാടിലാണ് ആര്‍.എസ്. എസ് സംഘം.

 

 

Test User: