ഉറ്റ ചങ്ങാതിമാരുമാരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ ഒരുനാടാകെയാണ് കണ്ണീരണിഞ്ഞത്. ഇവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളുടെ കൂട്ടക്കരച്ചിൽ കൂടിനിന്ന ഏവരേയും വേദനയിലാക്കി. കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മദ്രസ മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥികളും.
ആയിഷ ഒഴികെ മറ്റ് നാലുപേരും സ്‌കൂളിൽ ഒരേ ഡിവിഷനിലാണ് പഠിച്ചിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ പനയമ്പാടം അപകടമുണ്ടായത്. സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമൻ്റ് ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വീടുകളിലേയ്ക്ക് എത്തിച്ചത്.
മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കുയാണ്. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30 മണി മുതൽ 10 വരെ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് കൊണ്ടുപോകും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും. തുപ്പനാടിന് സമീപം ചെറൂളിയിൽ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലുപേരുടെയും വീടുകൾ.