പെരുന്നാള്‍ പുലരിയിലേക്ക് ഉണരുമ്പോള്‍ കണ്ണുനീര്‍ ചാലിട്ടൊഴുകുന്നു. ഒന്ന്, ഒരു വിശുദ്ധ റമസാനെക്കൂടി പൂര്‍ണമായി ലഭിച്ചുവെന്ന ആത്മനിര്‍വൃതിയുടെ ആനന്ദാശ്രു. മറ്റൊന്ന് ഈ സന്തോഷ ദിനത്തിലും ദുരിതത്തിലൂടെ കടന്നുപോകുന്ന അനേക കോടി മനുഷ്യരുടെ വേദന മനസ്സില്‍ തട്ടുമ്പോള്‍ പൊടിയുന്ന കണ്ണുനീര്‍. കോവിഡ് മഹാമാരിമൂലം അടച്ചിടപ്പെട്ട് പൊതു പ്രാര്‍ത്ഥനകളും നമസ്‌കാരങ്ങളും ഇല്ലാതെ പോയ്‌പോയ രണ്ടു വര്‍ഷത്തെ റമസാനില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ നാഥന്‍ അവന്റെ കാരുണ്യം വര്‍ഷിച്ചു. പാര്‍ലമെന്റ് സെഷന്‍ അവസാനിച്ച് റമസാന്‍ വ്രതം തുടങ്ങിയ ശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. ഡല്‍ഹിയിലെ ചൂടിന് കേരളത്തിലേതിനേക്കാള്‍ കാഠിന്യം അല്‍പം കൂടുതലാണ്. എന്നിട്ടും കോവിഡിന് മുമ്പുളളതിനേക്കാള്‍ ആവേശത്തോടെ നോമ്പിനെ നെഞ്ചേറ്റി ചൂടിനെ തോല്‍പ്പിക്കുന്നു അവര്‍. കേരളത്തിയപ്പോഴും ജനങ്ങളാകെ റമസാനൊപ്പം സഞ്ചരിക്കുന്ന അന്തരീക്ഷം.
റമസാന്‍ ആദ്യത്തെ പത്ത് പിന്നിടുമ്പോഴാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കാത്ത വാര്‍ത്തകള്‍ വന്നത്. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ ജന്മദിന ഘോഷയാത്രകളുടെ മറവില്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നു. റമസാനായിട്ടു കൂടി സ്‌നേഹത്തോടെയും സന്തോഷത്തോടെയും മുസ്‌ലിം സഹോദരരുടെ സഹകരണത്തോടെ നല്ല രീതിയില്‍ നടത്തപ്പെട്ട എത്രയോ രാമനവമി യാത്രകള്‍ നടന്നു. എന്നാല്‍, മുന്‍കൂര്‍ അനുമതിയോ വിശ്വാസികളുടെ പങ്കാളിത്തമോ ഇല്ലാത്ത ചില ദുരൂഹ ഘോഷയാത്രകളും നടന്നു. ലോകത്തിനാകെ ശാന്തി പുലരാനായി നിലകൊള്ളുന്ന ഹൈന്ദവതയെ സങ്കുചിതമായ രാഷ്ട്രീയസാമ്പത്തിക ലാഭത്തിനായി ദുരപയോഗം ചെയ്യുന്ന സംഘപരിവാറിന്റെ ഗൂഢപദ്ധതിയുടെ ഭാഗമായി നടന്ന അത്തരം ഘോഷയാത്രകള്‍ പത്തോളം സംസ്ഥാനങ്ങളിലാണ് സമാനമായി വിദ്വേഷ പ്രചാരണത്തിനും അക്രമോത്സുകതക്കും കാരണമായത്. ഏകപക്ഷീയമായ അത്തരം കൈയ്യേറ്റങ്ങളില്‍ നിന്ന് ഇരകള്‍ക്ക് നീതി ഉറപ്പാക്കേണ്ട ഭരണകൂടവും പൊലീസുമാകട്ടെ പലയിടങ്ങളിലും അക്രമികളെ ഔദ്യോഗികവല്‍ക്കരിച്ച് പാവപ്പെട്ട മുസ്‌ലിംകളെ വേട്ടയാടുകയായിരുന്നു. വിഷയത്തില്‍ ഗൗരവത്തോടെ ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും മുസ്്‌ലിംലീഗ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
തൊട്ടടുത്ത ദിവസം ഡല്‍ഹിയിലും മധ്യപ്രദേശിലും പിന്നീട് ഗുജറാത്തിലും ഭരണകൂടങ്ങള്‍ ഇരകളുടെ നെഞ്ചകം പിളര്‍ത്തി ബുള്‍ഡോസറുമായെത്തുമ്പോള്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ തന്നെ സമീപിച്ചു. എന്നാല്‍, രാമനവിയുടെ മറപിടിച്ച് അക്രമത്തിലേക്ക് തിരിഞ്ഞവരെ തടഞ്ഞതിനുള്ള പകപോക്കലായി ഒരു നോട്ടീസു പോലുമില്ലാതെ അധികാരം ഉപയോഗിച്ച് പാവപ്പെട്ട മുസ്്‌ലിം ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും പള്ളിയുമെല്ലാം ഇടിച്ച് നിരപ്പാക്കാന്‍ നടത്തിയ നീക്കം സുപ്രീം കോടതി തടഞ്ഞിട്ടും ഇന്ത്യന്‍ ഭരണഘടനയെ പോലും വെല്ലുവിളിച്ച് സംഹാര താണ്ഡവമാടാനായിരുന്നു ശ്രമം. കോടതിയുടെ ശക്തമായ ഇടപെടലില്‍ തല്‍ക്കാലും ബുള്‍ഡോസറുകള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ഡമോക്ലിസിന്റെ വാളുപോലെ ആ പാവങ്ങള്‍ക്ക് മേല്‍ അതു തൂങ്ങിയാടുന്നുണ്ട്. പാര്‍ലമെന്റിലെ മുസ്്‌ലിംലീഗ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് കുതിച്ചെത്തിയപ്പോള്‍ ജഹാംഗീര്‍പുരിയിലേക്ക് പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു പൊലീസ്.
കടുത്ത ചൂടും റമസാനും ശരീരത്തെ പോലെ മനസിനെയും പിന്നോട്ട് വലിപ്പിക്കുമെന്നായിരിക്കും ആ അധികാരികള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക. റാണി കന്യാ വിദ്യാലയത്തിനു മുന്നില്‍ വെച്ച് വിശ്വഹിന്ദ് പരിഷത്ത്, സമാജ് വാദി പാര്‍ട്ടി നേതാക്കളെ തടഞ്ഞ് തിരിച്ചയച്ച പൊലീസ് അതേ രീതിയിലാണ് മുസ്‌ലിംലീഗ് സംഘത്തോടും പെരുമാറിയത്. ആവശ്യം ന്യായമാണെന്നും സംഭവത്തിന്റെ നിജസ്ഥിതി നേരിട്ടു കാണാനുള്ള അവകാശമുണ്ടെന്നും ബോധ്യപ്പെടുത്തിയതോടെ എസ്.പി സുധീര്‍കുമാറിന് വഴങ്ങാതെ തരമില്ലായിരുന്നു. ഉള്ളുലക്കുന്ന കാഴ്ചകള്‍ക്കാണ് മുസ്‌ലിംലീഗ് സംഘം അവിടെ സാക്ഷ്യം വഹിച്ചത്.
ബാരിക്കേഡുകള്‍ നീക്കപ്പെട്ട്, സംഹാരാത്മകമായ ഭരണകൂട ക്രൂരതയുടെ ബുള്‍ഡോസര്‍ മുരള്‍ച്ച ഭയം വിതച്ച തെരുവുകളിലൂടെ വന്‍ മാധ്യമ സംഘത്തോടൊപ്പം സഹപ്രവര്‍ത്തകരായ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, കെ. നവാസ് ഗനി എം.പി, ഖുറം അനീസ്, യുവ നേതാക്കളായ അഡ്വ.ഫൈസല്‍ ബാബു, ഷിബു മീരാന്‍ എന്നിവരുള്‍പ്പെട്ട ഞങ്ങളുടെ സംഘമെത്തുമ്പോള്‍ കരയാന്‍ കണ്ണീരു പോലും ബാക്കിയില്ലാത്ത പാവങ്ങളെയാണ് കണ്ടത്. നിയമവാഴ്ചയുള്ള രാജ്യത്ത് സുപ്രീം കോടതി ഉത്തരവ് പോലും മാനിക്കാതെ ഇന്ത്യന്‍ ഭരണഘടന പിച്ചിച്ചീന്തുന്ന ഹിംസാത്മകത. സംഭവങ്ങള്‍ക്ക് ആരംഭഹേതുവായ ഭാഗികമായി തകര്‍ക്കപ്പെട്ട ജാമിഅ മസ്ജിദ് മുറ്റത്തു കൂടിയവര്‍ കരച്ചിലോടെയാണ് കാര്യങ്ങള്‍ വിവരിച്ചത്. ഹനുമാന്‍ ജയന്തി ഘോഷയാത്രയുടെ മറവില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവിടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതു വരെ ശാന്തതയോടെ ഒന്നിച്ചു കഴിഞ്ഞ പാവങ്ങള്‍ അതിവേഗം സമാധാനം പുനസ്ഥാപിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു നോട്ടീസു പോലും നല്‍കാതെ ഏകപക്ഷീയമായി ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. വര്‍ഷങ്ങളായി താമസിക്കുന്ന കുടിലുകളും ഉപജീവനോപാധിയുമെല്ലാം നൂറുക്കണക്കിന് പൊലീസുകാരുടെ വലയത്തില്‍ കണ്‍മുന്നില്‍ തകര്‍ന്നടിയുന്നത് കണ്ട നിസഹായരുടെ മുഖം മനസില്‍ നിന്ന് മായുന്നില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയവരെ പൊലീസിന്റെ തോക്കുകള്‍ കൊണ്ട് കൊന്നു തള്ളിയതിന് പുറമേ ജിവിച്ചിരിക്കുന്ന പാവങ്ങളുടെ ഭവനങ്ങള്‍ നഷ്ടം ഈടാക്കാനെന്ന പേരില്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു വിദ്വേഷം ആളിക്കത്തിച്ച് ഭരണത്തുടര്‍ച്ച നേടിയ യു.പി മോഡല്‍ മധ്യപ്രദേശിലും ഗുജാറാത്തിലും ആവര്‍ത്തിക്കുന്നത് തന്നെയാണ് ഡല്‍ഹിയിലും കണ്ടത്. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഏതാണ്ട് ജഹാംഗീര്‍പുരിക്ക് സമാനമാണ്. മുസ്്‌ലിംലീഗ് വസ്തുതാന്വേഷണ സംഘം അവിടെയുമെത്തിയിട്ടുണ്ട്. രാഷ്ട്രീയമായും നിയമപരമായും നീതിക്കായി പോരാടുന്നതോടൊപ്പം ആ പാവങ്ങളെ പുനരധിവസിപ്പിക്കാനും മുസ്‌ലിംലീഗ് മുന്നിലുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ പെരുന്നാള്‍ സന്തോഷത്തിനായി പാടുപെടുന്ന നമുക്ക് ബുള്‍ഡോസറുകള്‍ തകര്‍ക്കപ്പെടുന്ന ജീവിതങ്ങളുടെ നൊമ്പരങ്ങളും നെഞ്ചേറ്റേണ്ടിവരുന്നു.